നികുതി–ഫീസ് വര്‍ധന നാളെ മുതല്‍; വൈദ്യുതി നിരക്കും മദ്യവിലയും തല്‍ക്കാലം കൂടില്ല

സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനകള്‍ പുതിയ സാമ്പത്തികവര്‍ഷാരംഭമായ നാളെ നിലവില്‍ വരും. കോടതിയില്‍ കേസിന് പോകാനും ഇനി ചെലവ് കൂടും. കെ.എസ്.ഇ.ബിയുടെ ഡ്യൂട്ടിയും മദ്യത്തിന്‍റെ ഗാലനേജ് ഫീസും ഉയരുമെങ്കിലും വൈദ്യുതി നിരക്കും മദ്യവിലയും തല്‍ക്കാലം കൂടില്ല. ഈ സാമ്പത്തിക വര്‍ഷം കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു

പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന് വരെ വിലവര്‍ധിച്ചതായിരുന്നു കഴിഞ്ഞ ഏപ്രില്‍ ഒന്ന്. ഇത്തവണ അല്‍പം ആശ്വാസമുണ്ട്. സര്‍ക്കാരിന്‍റെ വരുമാനം കൂട്ടാനുള്ള പല നിര്‍ദേശങ്ങളുടെയും ഭാരം നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നില്ല. കെ.എസ്.ഇ.ബിയുടെ ഡ്യൂട്ടി യൂണിറ്റിന് ആറില്‍ നിന്ന് പത്തുപൈസയാക്കിയെങ്കിലും തല്‍ക്കാലം വൈദ്യുതി നിരക്ക് കൂടില്ല. ഇതേസമയം പുരപ്പുറ സോളര്‍ സ്ഥാപിച്ചിരിക്കുന്നവര്‍ സര്‍ക്കാരിന് നല്‍കേണ്ട തീരുവ ഉയരും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാല്‍ ബെവ്കോയുടെ വരുമാനം കുറയും, പക്ഷേ മദ്യത്തിന്‍റെ വില കൂടില്ല. ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമി തരംതിരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാകാത്തതിനാല്‍ നാളെ വര്‍ധന ഉണ്ടാകില്ല. കുടുംബ കോടതികളില്‍ വസ്തുസംബന്ധിച്ച കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് 50ല്‍ നിന്ന് രണ്ടുലക്ഷം വരെയായി കൂടും. ചെക്കുകേസ് കൊടുക്കാനും ഫീസ് കൂടും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും ചെലവുകൂടും. കെട്ടിട–പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി ഉയരും. റബറിന്‍റെ താങ്ങുവില 180 ആകുന്നത് കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമാണ്. 178 രൂപയാണ് നിലവിലെ റബര്‍ വില എന്നതിനാല്‍ താങ്ങുവിലയില്‍ നിന്നുള്ള വ്യത്യാസമായ രണ്ടുരൂപ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കും. ടൂറിസ്റ്റ് ബസുകളുടെ നികുതി നാളെ മുതല്‍ കുറയും. ഇതുവഴി ഇതരസംസ്ഥാനങ്ങളില്‍ ബസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന പ്രവണത കുറയുമെന്നും വരുമാനം കൂടുമെന്നുമാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ മാസത്തേതുപോലെ ശമ്പളവും പെന്‍ഷനും വൈകുമോ എന്ന് ആശങ്കയുണ്ടെങ്കിലും അതുണ്ടാവില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്.

കടമെടുക്കാന്‍ അനുമതി കിട്ടിയിട്ടില്ലെങ്കിലും ട്രഷറി നീക്കിയിരിപ്പും പുതിയ സാമ്പത്തിക വര്‍ഷം ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകുന്നതിന് തടസമില്ലെന്നതുമാണ് ധനമന്ത്രിയുടെ ആത്മവിശ്വാസത്തിന് കാരണം. 

Tax fee increase from tomorrow

Enter AMP Embedded Script