രണ്ടു കാര്‍; രണ്ടു ഫ്‍ളാറ്റ്; തിരുവനന്തപുരത്തും എറണാകുളത്തും ഭൂമി; മുകേഷിന്‍റെ ആസ്തി 14.98 കോടി

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്തി. ചെന്നൈയില്‍ രണ്ടു ഫ്ളാറ്റുകളും തിരുവനന്തപുരത്തും എറണാകുളത്തും ഭൂമിയും രണ്ടു കാറുകളുമുണ്ടെന്നാണ് പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലുളളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന്റെ സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം പതിനാലു കോടി 98 ലക്ഷം രൂപയാണ്.  കൈവശം അമ്പതിനായിരം രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ്ട്രഷറിയുമൊക്കെയായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം പത്തുകോടി നാല്‍പത്തിയെട്ടുലക്ഷം രൂപയുമുണ്ട്. പൂര്‍വിക സ്വത്തായി ലഭിച്ച വീടിന് പുറമേ ചെന്നൈയില്‍ രണ്ടു ഫ്ളാറ്റുകള്‍. 2,40,000രൂപ മൂല്യം വരുന്ന സ്വർണം. 

ചെന്നൈയിലെ ഒരു ഫ്ലാറ്റ് ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്. മുകേഷിന്റെയും മേതിൽ ദേവികയുടെയും പേരിൽ പതിമൂന്നു സെന്റ് ഭൂമി തിരുവനന്തപരം കടകംപള്ളി വില്ലേജിലുണ്ട്. എറണാകുളം കണയന്നൂരില്‍ ശ്രീനിവാസനൊപ്പം ചേർന്ന് വാങ്ങിയ 37 സെന്റ് സ്ഥലമുണ്ട്. കൂടാതെ തമിഴ്നാട് മഹാബലിപുരം, തിരുവനന്തപുരം തോന്നയ്ക്കൽ, പോത്തൻകോട് , കൊല്ലം ശക്തികുളങ്ങര എന്നിവിടങ്ങളില്‍ ഭൂമിയുണ്ട്. പൊതുവഴി തടസപ്പെടുത്തിയതിന് പുനലൂർ പൊലീസ് സ്റ്റേഷനിൽ 2014ൽ റജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10 കോടി 22 ലക്ഷം രൂപയുടെ സ്വത്താണ് രേഖപ്പെടുത്തിയിരുന്നത്.

Enter AMP Embedded Script