കാലിക്കറ്റ് വിസിയായി എംകെ ജയരാജിന് തുടരാം; ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.കെ.ജയരാജിന് തുടരാം. വി.സി സ്ഥാനത്തുനിന്ന് എം.കെ.ജയരാജിനെ പുറത്താക്കിയ, ചാൻസിലർ കൂടിയായ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ ചാൻസലറുടെ പുറത്താക്കൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കാലടി സംസ്കൃത സർവകലാശാലാ വി.സി ഡോ. എം.വി.നാരായണന്റെ ആവശ്യം കോടതി തള്ളി. 

നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വിസിമാരേയും പുറത്താക്കിയത്. സാങ്കേതിക സർവകലാശാലാ വിസി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു നടപടി. തുടർന്ന് വി.സിമാർ സമർപ്പിച്ച ഹർജിയിലാണ് വി ഡോ.എം.കെ ജയരാജിനെ പുറത്താക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കാലിക്കറ്റ് സർവകലാശാല വിസിയെ തിരഞ്ഞെടുക്കുന്നതിനായുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്ക് നയിച്ചത്. എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി കാലിക്കറ്റ് വിസിയുടെ താത്‌കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും, അക്കാദമിക മികവു പുലർത്തിയിട്ടുള്ള വ്യക്തിയായിരുന്നു എന്നും എം.കെ.ജയരാജ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തത്.

സെർച്ച് കമ്മിറ്റി ഒരൊറ്റ പേര് മാത്രം നിർദ്ദേശിച്ചതാണ് എം.വി.നാരായണനെ പുറത്താക്കാൻ കാരണം. സംസ്കൃത സർവകലാശാല വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന നിലയിലാണ് സെർച്ച് കമ്മിറ്റി തൻ്റെ പേരുമാത്രം ശുപാർശ ചെയ്തത് എന്നായിരുന്നു എം.വി.നാരായണൻ്റെ വാദം. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്ന ചാൻ‍സലറുടെയും യുജിസിയുടെയും വാദങ്ങൾ‍ ശരിവച്ചുകൊണ്ടാണ്  നടപടി സ്റ്റേ ചെയ്യാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വിസമ്മതിച്ചത്.

mk jayaraj may continue as calicut vc

Enter AMP Embedded Script