പെന്‍ഷന്‍ നല്‍കാതെ ബാങ്ക്; പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച് സി.പി.എം മുൻ ഏരിയാ സെക്രട്ടറിയുടെ ഭാര്യ

സി.പി.എം മുൻ ഏരിയാ സെക്രട്ടറിയുടെ ഭാര്യക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാതെ ആലപ്പുഴ കരുമാടിയിലെ സഹകരണ ബാങ്ക്. സി.പി.എം  അമ്പലപ്പുഴ മുൻ ഏരിയാ സെക്രട്ടറി ഡി. മണിച്ചന്‍റെ ഭാര്യ പടഹാരം സ്വദേശിനി തങ്കമണിക്കാണ് ആനുകൂല്യങ്ങൾ കിട്ടാനുള്ളത്. സഹകരണ ബാങ്കിന് മുന്നിൽ പ്ലക്കാർഡുമേന്തി തങ്കമണി കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

24 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണ് തങ്കമണി വിരമിച്ചത്. ഒരു വർഷമായിട്ടും ആനുകൂല്യങ്ങൾ ലഭിച്ചില്ല. വിരമിച്ച ശേഷം ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ബാങ്ക് ഭരണ സമിതി, അസിസ്റ്റന്‍റ് റജിസ്ട്രാർ ജനറൽ, ജോയിന്‍റ് റജിസ്ട്രാർ, സഹകരണ സംഘം റജിസ്ട്രാർ, സഹകരണ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, സി.പി.എം  തകഴി, അമ്പലപ്പുഴ എരിയാ കമ്മിറ്റികൾ, ജില്ലാ, സംസ്ഥാന കമ്മിറ്റികൾ എന്നിവർക്കും പരാതി നൽകി. ഏറ്റവും ഒടുവിൽ നവ കേരളാ സദസിൽ അപേക്ഷ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. വീട് ഇപ്പോൾ ജപ്തി ഭീഷണിയിലായി. പരാതികൾക്ക് ഫലമില്ലാതായതോടെയാണ് സി.പി.എം  ഭരിക്കുന്ന ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തിയതെന്നാണ് തങ്കമണി പറയുന്നത്. 

എന്നാൽ ആരോപണം ബാങ്ക് ഭരണസമിതി നിഷേധിക്കുകയാണ്. മുൻ ജീവനക്കാരുടെ കെടുകാര്യസ്ഥത മൂലം ബാങ്ക് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. തങ്കമണി ഇവിടെ ജോലി ചെയ്തിരുന്ന കാലത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നുവെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ്  ജി.ഷിബു പറയുന്നു. 

സി.പി.എം  ഭരിക്കുന്ന ബാങ്കിന് മുന്നിൽ മുൻ ഏരിയ സെക്രട്ടറിയുടെ ഭാര്യ പ്രതിഷേധവുമായി എത്തിയത് അമ്പലപ്പുഴയിലെ സി.പി.എം  പ്രാദേശിക ഘടകങ്ങളിൽ ചർച്ചയായിട്ടുണ്ട്. 

Enter AMP Embedded Script