ശമ്പളവിതരണം ഭാഗികം; പൂര്‍ത്തിയാക്കാന്‍ മൂന്നുദിവസമെങ്കിലും എടുക്കുമെന്ന് ധനവകുപ്പ്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി തുടരുന്നു. ശമ്പളവിതരണം ഇന്നും ഭാഗികമാണ്. ശമ്പളവിതരണം പൂര്‍ത്തിയാകാന്‍ മൂന്നുദിവസമെങ്കിലും എടുക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്. ഇതേസമയം സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചതോടെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 

നാല്‍പ്പത് ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് ഇന്നലെ ശമ്പളം കിട്ടിയതെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. പൊലീസ്, എക്സൈസ്, റവന്യു, നികുതി, റജിസ്ട്രേഷന്‍, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം കിട്ടേണ്ടതായിരുന്നെങ്കിലും പലര്‍ക്കും ഇനിയും കിട്ടിയിട്ടില്ല. അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് ശമ്പളം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളവിതരണം വൈകുന്നേരത്തോടെ പൂര്‍ത്തിയായി. ഇതോടെ ആക്ഷന്‍ കൗണ്‍സില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 

രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറ‍ഞ്ഞത് ജീവനക്കാര്‍ വിശ്വസിക്കുന്നില്ല. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 13608 കോടിയുടെ കാര്യത്തില്‍ നാളെ സുപ്രീംകോടതിയില്‍നിന്ന് അനുകൂലമായ ഇടക്കാല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. അങ്ങനെയെങ്കില്‍ താല്‍ക്കാലികാശ്വാസമാകും.

Salary crisis of government employees continues

Enter AMP Embedded Script