മോശമായി പെരുമാറിയ അധ്യാപകന്‍ വീണ്ടും കോളജില്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. അറബിക് വിഭാഗം അധ്യാപകൻ നിസാമുദിനെതിരെയാണ് പ്രതിഷേധം. മോശമായി പെരുമാറിയതിനാൽ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും  വീണ്ടും അധ്യാപകൻ ഡിപ്പാർട്ട്മെന്‍റില്‍ എത്തിയതാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ അധ്യാപകനെ മാറ്റിനിർത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് തങ്ങളെല്ലെന്നാണ് കോളജിന്‍റെ നിലപാട്. 

പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നായിരുന്നു പ്രതിഷേധം. അധ്യാപകൻ നിസാമുദ്ദിനെതിരെ നടപടിയെടുക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

നിസാമുദ്ദീൻ തുടർച്ചയായി മോശമായി പെരുമാറുന്നു എന്ന് കാണിച്ച് വിദ്യാർഥികൾ ജനുവരി 17ന് രാവിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിരുന്നു. അന്ന് ഉച്ചയോടെ പ്രിൻസിപ്പലിന് പരാതി എഴുതി നൽകി. ഈ പരാതിയിൽ ഇന്നലെ മാത്രമാണ് അന്വേഷണസമിതി രൂപീകരിക്കുകയും കുട്ടികളോട് പ്രശ്നങ്ങൾ എഴുതി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തത്. പരാതികൾ കമ്മിറ്റിക്ക് മുൻപാകെ എഴുതി നൽകാൻ ഇരിക്കെയാണ് ഇന്ന് അധ്യാപകൻ വീണ്ടും ഡിപ്പാർട്ട്മെന്‍റിൽ എത്തിയത്. അധ്യാപകനെതിരെ വിദ്യാർഥികൾ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.  ഇതിനിടെ തന്നെ വിദ്യാർഥി ആക്രമിച്ചതായി അധ്യാപകനും  പരാതി നൽകിയിരുന്നു. അതേസമയം അധ്യാപകനെ മാറ്റിനിർത്തണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് കോളജ് അധികൃതർ.

Protest against teacher in Maharajas College, Ernakulam

Enter AMP Embedded Script