'ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ല'; അതൃപ്തിയുമായി വി ശിവന്‍കുട്ടി

സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ഒളിയമ്പ്. ഗവര്‍ണര്‍ പരിണിത പ്രജ്ഞനായ വ്യക്തിയാണെന്നും സര്‍ക്കാരുമായുള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നും കഴിഞ്ഞദിവസം ഷംസീര്‍ പറഞ്ഞിരുന്നു.

ഗവര്‍ണറോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാരും സി.പി.എമ്മും. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും തെരുവില്‍ കടുത്ത സമരത്തിലും. ഗവര്‍ണര്‍ സംഘപരിവാര്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന കടുത്ത രാഷ്ട്രീയ വിമര്‍ശനമാണ് ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിക്കുന്നത്. ഇതിനിടെ ഗവര്‍ണറെ പരിണിത പ്രജ്ഞനെന്ന് വിശേഷിപ്പിച്ച് സ്പീക്കര്‍ രംഗത്തെത്തിയതാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പരിണിത പ്രജ്ഞനല്ല ഗവര്‍ണറെന്നാണ് മന്ത്രിയുടെ എഫ്.ബി.പോസ്റ്റ്.  എസ്.എഫ്.ഐക്കാരെ ബ്ലഡി ക്രിമിനല്‍സ് എന്നും കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്നു വിളിച്ചതും വി.ശിവന്‍കുട്ടി ഓര്‍മിപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയ വ്യക്തിയാണ് ഗവര്‍ണറെന്നും പോസ്റ്റില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. സ്പീക്കറാണെങ്കിലും ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം. 

    

Enter AMP Embedded Script