ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം തട്ടിയ സംഭവം; കേസെടുത്ത് പൊലീസ്

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടുകാരില്‍ നിന്ന് പണം തട്ടിയതില്‍ കേസെടുത്ത് പൊലീസ്. പണം തട്ടിയ ആലുവ തായിക്കാട്ടുകര കോട്ടയ്ക്കല്‍ വീട്ടില്‍ മുനീറിനെതിരെ കുട്ടിയുടെ അച്ഛന്‍ നല്‍‌കിയ പരാതിയിലാണ് ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തത്. മഹിളാകോണ്‍ഗ്രസ് എറണാകുളം ജില്ലാസെക്രട്ടറി ഹസീനയുടെ ഭര്‍ത്താവാണ് മുനീര്‍.

വിശ്വാസ ലംഘനം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുട്ടിയുടെ അച്ഛന്‍  പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് മൊഴി എടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ കുട്ടിയുടെ അച്ഛന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. തട്ടിപ്പുനടത്തിയ വിവരം പുറത്തുവന്നതോടെ തട്ടിയെടുത്തപണം തിരികെ നല്‍കി മുനീര്‍ തടിയൂരി. ക്രൂര കൊലപാതകത്തിന്‍റെ ഞെട്ടലിലൂടെ കടന്നുപോയ കുടുംബത്തെയാണ്  മഹിളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറിയുടെ ഭര്‍ത്താവ് കബളിപ്പിച്ചത്. 

ഹിന്ദി അറിയാവുന്ന ആളെന്ന നിലയില്‍ തന്നോടൊപ്പം കൂടി മുനീര്‍ 1,20,000 രൂപ ആക്കൗണ്ടില്‍ നിന്ന് തട്ടിയെന്നാണ് പരാതി. ഓഗസ്റ്റ് അഞ്ചുമുതല്‍ പത്തുവരെ ദിവസവും ഇരുപതിനായിരം രൂപ വീതമാണ് മുനീര്‍ വാങ്ങിയത്. വാര്‍ത്ത പുറത്തുവന്നതോടെ കുട്ടിയുടെ അച്ഛനെ ഫോണ്‍വിളിച്ച് വാര്‍ത്ത കളവാണെന്ന് പറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. വിഷയം നാണക്കേടായപ്പോള്‍ ഹസീനയെ മഹിളകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെന്റ് ചെയ്തു. 

Extortion of money from the  Aluva child's family; Police registered case

Enter AMP Embedded Script