മൂന്നിടങ്ങളില്‍ തെരുവുനായ ആക്രമണം; ആറ് പേര്‍ക്ക് പരുക്ക്

സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിലായി നടന്ന തെരുവു നായ ആക്രമണത്തിൽ 6 പേർക്ക് പരുക്ക് .പത്തനംതിട്ട പെരുനാട്ടിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കണ്ണൂർ പാനൂരിൽ തെരുവു നായ ആക്രമണത്തിൽ 10 വയസുകാരന്‍റെ  കൈക്കും കാലിനും പരുക്കേറ്റു. കോഴിക്കോട് കുറ്റ്യാടിയിൽ 17കാരനും തെരുവു നായയുടെ കടിയേറ്റു.

പത്തനംതിട്ട പെരുനാട്ടിൽ ലോട്ടറി വിൽപന നടത്തുന്ന ഉഷയ്ക്കാണ് ആദ്യം തെരുവു നായയുടെ കടിയേറ്റത്. കഴുത്തിനും തുടയ്ക്കും പരുക്കേറ്റ ഉഷയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെരുനാട് സ്വദേശിയായ മറിയാമ കൊച്ചുമകൾ ലില്ലി, സാരംഗൻ എന്നിവർക്കും  നായയുടെ കടിയേറ്റു. മറിയാമയുടെ കൊച്ചു മകളാണ് ലില്ലി.അക്രമാസക്തനായ തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. ചികിത്സ നൽകിയിട്ടും 12 വയസുകാരി പേ വിഷ ബാധയേറ്റ് മരിച്ച പെരുനാട്ടിലാണ് ഒരു വർഷം തികയും മുൻപ് വീണ്ടും തെരുവ് നായയുടെ ആക്രമണം.

കണ്ണൂർ പാനൂർ ചമ്പാട് തെരുവ് നായയുടെ ആക്രമണത്തിൽ പത്തു വയസുകാരൻ മുഹമ്മദ് റഫാൻ റഹീസിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു നായയുടെ ആക്രമണം.ചമ്പാട് വെസ്റ്റ് യൂ പി സ്കൂൾ വിദ്യാർത്ഥിയായ റഫാനെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. കൈയ്ക്കും കാലിനും പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.കോഴിക്കോട് കുറ്റ്യാടിയിൽ തെരുവുനായ ആക്രമണത്തിൽ കടിയേറ്റ 17 കാരനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ  പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Enter AMP Embedded Script