സമാന്തര സര്‍വീസുകള്‍ക്കെതിരെ വ്യാപക പരിശോധന; നടപടി

സംസ്ഥാനത്ത് സമാന്തര സര്‍വീസുകള്‍ക്കെതിരെ വ്യാപക പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ്. സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകളും കേന്ദ്രീകരിച്ചുള്ള സര്‍വീസുകള്‍, ദീര്‍ഘദൂര സര്‍വീസുകള്‍ എന്നിവയെല്ലാം പരിശോധിക്കാനാണ് നിര്‍ദേശം. സംസ്ഥാന വ്യാപകമായി നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 

കൊച്ചി നഗരത്തില്‍ മോട്ടോര്‍വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. വൈറ്റില ഹബ്ബില്‍ നടത്തിയ പരിശോധനയില്‍ സമാന്തര സര്‍വീസ് നടത്തിയ ബസ് പിടികൂടി. പിഴയീടക്കാന്‍ നോട്ടീസ് നല്‍കി. ഹൈക്കോടതി പരിസരത്തുനിന്ന് സര്‍വീസ് നടത്തുന്ന വാഹനങ്ങളും മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായി. നാളെ മുതല്‍ സര്‍വീസ് നടത്താനാകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ജീവനക്കാരെ അറിയിച്ചു. കാക്കനാട് കലക്ടറേറ്റ്, കൊച്ചി കോര്‍പറേഷന്‍ ഓഫിസ് പരിസരം എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടായിരുന്നു.

കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ വ്യാപകമായി സമാന്തര സര്‍വീസ് നടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വരും ദിവസങ്ങളിലും പരിശോധന തുടരും.

Enter AMP Embedded Script