അതിജീവനകഥകൾ പങ്കുവെച്ച് കേരള കാൻ ലൈവത്തൺ; കഥകള്‍ കേട്ട് കണ്ണുനിറഞ്ഞ് നവ്യ

അതിജീവനത്തിന്‍റെ മനോഹരമായ കഥകള്‍ പങ്കുവെച്ച്  മനോരമ ന്യൂസ് കേരള കാൻ ഏഴാം പതിപ്പിന്റെ തല്‍സമയ ലൈവത്തണ്‍. ദൗത്യത്തിന്റെ മുഖമായ നവ്യനായരും ഡോക്ടര്‍മാരും കാന്‍സറിനെ അതിജീവിച്ചവരും ചടങ്ങില്‍ പങ്കെടുത്തു. കേരള കാനോടൊപ്പമുള്ള യാത്ര ജീവിതത്തില്‍ പഠിപ്പിച്ചത് വലിയ കാര്യങ്ങളാണെന്ന് നവ്യാ നായര്‍ പറഞ്ഞു. 

കേരള കാനിന്‍റെ ആദ്യ എപ്പിസോഡുകളില്‍ രോഗബാധിതരുടെ കഥകള്‍ കേട്ട്  ഇടയ്ക്കിടെ കണ്ണുനിറഞ്ഞ് നിന്നൊരു നവ്യ. പിന്നെ സഹതപിക്കുകയല്ല ശക്തി പകരുകയാണ് വേണ്ടതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ലൈവത്തണിന്‍റെ ആതിഥേയായി മാറി. അതിജീവനം കളറാണെന്ന കേരള കാന്‍  സന്ദേശം ജീവിതത്തില്‍ പകര്‍ത്തിയ ഗോവ ക്രൈംബ്രാഞ്ച് എസ്പി നിഥിന്‍ വല്‍സന്‍. രോഗം തിരിച്ചറിഞ്ഞ കാലവും ജീവിതം തിരിച്ചുപിടിക്കണമെന്ന് തോന്നിയ വാശിയും എസ്പി പങ്കുവെച്ചു.  കാന്‍സര്‍ ബാധിതനായിരിക്കേ കഠിനമായ മല്‍സരത്തില്‍ വിജയിച്ച് അയണ്‍മാന്‍ ആയി. പക്ഷേ ഞങ്ങള്‍ താങ്കളില്‍ കാണുന്നത്  മല്‍സരത്തേക്കാള്‍ കഠിനമായ ജീവിതത്തില്‍ വിജയിച്ച് അയണ്‍മാനായി മാറിയ ഒരു അതിജീവനത്തിന്‍റെ പാഠമാണ്. 

കാന്‍സറിനെ ചിരിയോടെ നേരിട്ട  ഇന്നസെന്‍റിനെ ലൈവ്ത്തണ്‍ വേദിയില്‍  ഓര്‍മ്മിച്ചെടുത്ത് നടന്‍ ഷറഫുദ്ദീന്‍. സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ശക്തി പകര്‍ന്ന് കൂടെ നില്‍ക്കാനായെന്ന് ഷറഫുദ്ദീന്‍. കാന്‍സറിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോ. ജെം കളത്തിലും ഡോ. അരുണ്‍ ആര്‍ വാരിയരും രചിച്ച പുസ്തകം ‘കാന്‍സ്പയര്‍’ ലെവ്ത്തണില്‍ നടന്‍ ഷറഫുദ്ദീന്‍ പ്രകാശനം ചെയ്തു. കാന്‍സര്‍ ഭേദമായാലും രോഗികളായിരുന്നവര്‍ക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കരുതെന്ന്  ഡോ. ജെം കളത്തില്‍. കാന്‍സര്‍ മാറിയാലും പിന്നീട് വരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത കൈവെടിയരുതെന്നും അരുണ്‍ ആര്‍. വാരിയര്‍. അര്‍ബുദമെന്ന് കേള്‍ക്കുമ്പോഴേ തളര്‍ന്നു പോകുന്നവര്‍ക്ക് മുമ്പില്‍ കേരള കാന്‍ അവതരിപ്പിക്കുന്ന ജീവിക്കുന്ന ഒരു മാതൃക. തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തില്‍ താമസിക്കുന്ന സ്തനാര്‍ബുദ അതിജീവിതയായ ആദിവാസി വനിത ചന്ദ്രിക കാന്‍സറിനെ പൊരുതിത്തോര്‍പിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. പൂർണമായും ശബ്ദം നഷ്ടപ്പെട്ടപ്പോഴാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്ന് പറവൂര്‍ സ്വദേശി വിജയന്‍. ആദ്യം തോന്നിയത് പേടി. 

പിന്നെ പാട്ടുപാടണമെന്ന ആഗ്രഹം ആ പേടിയെ കീഴ്പ്പെടുത്തി. നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയാല്‍ പാടണമെന്ന് ആഗ്രഹിച്ച ഒരു ഗാനം വിജയന്‍ ഇന്ന് പാടി. കാന്‍സറിനെതിരെ പോരാടിയിട്ടും അതിജീവിക്കാന്‍ സാധിക്കാത്തവരെ ഓര്‍മ്മിച്ച് നടി സീമ ജി നായര്‍. പോരാട്ടത്തിന്‍റെ പാഠങ്ങള്‍ നമ്മളെ പഠിപ്പിച്ചിട്ടാണ് അവര്‍ മടങ്ങിയത്. കാന്‍സറിനോടുള്ള ഭയം ഇല്ലാതാക്കുകയാണ് കാന്‍സറിനുള്ള മികച്ച ചികില്‍സാരീതിയെന്ന് നടി വിനയപ്രസാദ്. രോഗബാധിതരോട് പങ്കുവെയ്ക്കേണ്ടത് അതിജീവിച്ചവരുടെ കഥകളാണ്, വഴികളാണ്. പരിമിതികളെ മറികടന്ന് മോട്ടിവേഷണല്‍ സ്പീക്കറായി ആയിരങ്ങളെ പ്രചോദിപ്പിക്കുന്ന  സി.പി.ശിഹാബും കുടുംബവും ലൈവ്ത്തണില്‍ പങ്കെടുത്തു. സ്തനാര്‍ബുദ ബാധിതരായ സ്ത്രീകള്‍ക്ക് കൃത്രിമ സ്തനങ്ങള്‍ തുന്നി സൗജന്യമായി വിതരണം ചെയ്യുന്ന സായിഷയുടെ  വോളന്റിയര്‍ ഡോ.കാര്‍ത്തിക രാജഗോപാല്‍ ലൈവത്തണിന്‍റെ ഭാഗമായി. ഫാംഫെഡ് പിന്തുണയ്ക്കുന്ന ദൗത്യത്തിന്റെ ആരോഗ്യപങ്കാളി ആസ്റ്റര്‍ ഇന്റര്‍നാഷനല്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആണ്. ഒരു ദൃശ്യമാധ്യമം അവതരിപ്പിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധതാ പരിപാടിയായ കേരള കാ‍ന്‍ ഇത്തവണ മൂന്നുകോടി രൂപയുടെ സൗജന്യചികില്‍സാ, പരിശോധനാ ദൗത്യമാണ് നടപ്പാക്കുന്നത്. 

Enter AMP Embedded Script