കൂടത്തായി; സയനൈഡ് നൽകിയത് ആരെന്ന് ജോളി വെളിപ്പെടുത്തി; സാക്ഷിമൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനു സയനൈഡ് കൈമാറിയതു രണ്ടാം പ്രതി എം.എസ്.മാത്യുവാണെന്നു ജോളി സഹോദരനോടു വെളിപ്പെടുത്തിയെന്നു സാക്ഷിമൊഴി. മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസ് കല്ലറകൾ തുറക്കുന്നതിന്റെ തലേ ദിവസം അഭിഭാഷകനെ കാണാൻ ജോളിയോടൊപ്പം കാറിൽ പോയ ജോസഫ് ഹിലാരിയോസ് ആണ് ഇന്നലെ റോയ് തോമസ് വധക്കേസിന്റെ സാക്ഷിവിസ്താരത്തിനിടെ മൊഴി നൽകിയത്

2011 ൽ റോയ് തോമസ് മരിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയതു ജോസഫ് ആയിരുന്നു. അഭിഭാഷകനെ കാണാൻ പോകുമ്പോഴും മടങ്ങുമ്പോഴുമുള്ള ജോളിയുടെ പെരുമാറ്റം ദുരൂഹമായിരുന്നെന്നും ജോളിക്ക് ഈ മരണത്തിൽ പങ്കുണ്ടെന്ന് അപ്പോൾ സംശയം തോന്നിയെന്നും ജോസഫ് ഇന്നലെ കോഴിക്കോട് അഡിഷനൽ സെഷൻസ് കോടതിയിൽ  മൊഴി നൽകി. 2011 ലാണ് ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ് മരിക്കുന്നത്.

റോയിയുടെ ബന്ധുവായ ജോസഫ് ഹിലാരിയോസിന്റെ മൊഴിയനുസരിച്ചാണു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ആത്മഹത്യയാണെന്നു പൊലീസ് എഴുതിത്തള്ളിയ കേസ് 2019ലാണു കൊലപാതകമാണെന്നു ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കല്ലറകൾ തുറക്കാൻ അന്വേഷണ സംഘം  തീരുമാനിച്ചപ്പോൾ ജോളി അഭിഭാഷകനെ കാണാൻ പോയെന്നും തന്റെ കാറിലാണു പോയതെന്നും ജോളിയുടെ സഹോദരനും മകനും ഒപ്പമുണ്ടായിരുന്നെന്നും ജോസഫ് മൊഴിനൽകി.

സയനൈഡ് എവിടെ നിന്നു കിട്ടി എന്നു സഹോദരൻ ചോദിച്ചപ്പോൾ ഷാജിയാണ് തന്നതെന്നു പറഞ്ഞു. രണ്ടാം പ്രതി എംഎസ് മാത്യുവിനെ ഷാജിയെന്നാണു വിളിച്ചിരുന്നത്. എന്നാൽ മാത്യുവിനു ഷാജിയെന്ന പേരില്ലെന്നു പ്രതിയുടെ അഭിഭാഷകൻ എം.ഷഹീർ സിങ് വാദിച്ചു. റോയിയുടെ മരണം ആത്മഹത്യയാണെന്നും സംശയങ്ങൾ ഒന്നുമില്ലെന്നുമാണു 2011 ൽ ജോസഫ് നൽകിയ മൊഴി. പിന്നീട് കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തപ്പോൾ മജിസ്ട്രേട്ടിനു മുൻപിൽ നൽകിയ രഹസ്യമൊഴിയിലും ഇന്നലെ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ ഇല്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.

സാക്ഷികളെ വിസ്തരിക്കാതെ പ്രതിഭാഗം

ജോളിയുടെ അഭിഭാഷകൻ ബി.എ.ആളൂർ ഇന്നലെയും സാക്ഷികളെ വിസ്തരിച്ചില്ല. രഹസ്യവിചാരണ നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമായ ശേഷം വിസ്താരം നടത്താമെന്നാണ് ആളൂരിന്റെ നിലപാട്.  ജോളിയുടെ അയൽവാസി എൻ.പി.മുഹമ്മദ് എന്ന ബാവയുടെ വിസ്താരം ഇന്നലെ ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എൻ.കെ.ഉണ്ണിക്കൃഷ്ണൻ, അഡീഷനൽ പ്രോസിക്യൂട്ടർ അഡ്വ.ഇ.സുഭാഷ് എന്നിവർ ഹാജരായി.

Enter AMP Embedded Script
MORE IN KERALA