പൊലീസ് പിടികൂടുന്ന പ്രതിയെപ്പോലെ പി.ടി 7 കൊമ്പനെ എന്തിനു മുഖംമൂടി അണിയിച്ചു?

ഇന്നലെ പി.ടി 7 കൊമ്പനെ മയക്കുവെടി വച്ച ശേഷം പ്രചരിച്ച ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായതു കറുത്ത തുണി കൊണ്ടു മുഖം മൂടിയതാണ്. പൊലീസ് പിടികൂടുന്ന പ്രതികളെപ്പോലെ ആനയെ എന്തിനു മുഖംമൂടി അണിയിച്ചു?

മയക്കുവെടിയേറ്റ ആനയുടെ മുഖത്തു കണ്ണു മറയത്തക്കവിധത്തിൽ കറുത്ത തുണി കെട്ടിയിരുന്നു. ഇത് ആനയുടെ സുരക്ഷയെക്കൂടി മുൻനിർത്തിയാണ്. പുറമേ നിന്നുള്ള കാഴ്ചകൾ, ചലനങ്ങൾ എന്നിവ മൂലം ആന അസ്വസ്ഥനാകാതിരിക്കാനാണ് ഇത്. ശരീരത്തിലുള്ള ലഹരിമരുന്നിന്റെ ഡോസ് കുറയാതിരിക്കാനും ഇതു സഹായിക്കും. ആനയ്ക്കു തളർച്ച ഉണ്ടാകാതിരിക്കാനും തണുക്കുന്നതിനും വേണ്ടിയാണ് ഇടയ്ക്കിടെ വെള്ളമൊഴിച്ചു നനയ്ക്കുന്നത്.

ആനയെ മയക്കുവെടി വയ്ക്കുന്ന തോക്ക് സാധാരണ തോക്ക് പോലെ ഉണ്ടയുള്ളതല്ല. മരുന്നു നിറച്ച സിറിഞ്ച് ദൂരെനിന്ന് ആനയുടെ ശരീരത്തിലേക്കു തറയ്ക്കുന്നതിനു വേണ്ടിയുള്ള ഉപകരണം മാത്രമാണു തോക്ക്. ഓരോ ആനയെയും കണ്ടു മനസ്സിലാക്കിയാണു മരുന്നിന്റെ അളവു തീരുമാനിക്കുന്നത്. അളവു തെറ്റിയാൽ വന്യമൃഗം ചത്തുപോകാം. ഈ മേഖലയിൽ ഡോ. അരുൺ സഖറിയയോളം പ്രഗൽഭനായ വ്യക്തി കേരളത്തിലില്ല. 30–50 മീറ്ററാണു മയക്കുവെടി വയ്ക്കാവുന്ന പരിധി.

Enter AMP Embedded Script