'ചൂഷണം ചെയ്യുന്നു, ഉത്തരവ് പാലിക്കുന്നില്ല'; മില്ലുടമകൾക്കെതിരെ കർഷകർ

നെല്ല് സംഭരണത്തില്‍ സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി മില്ലുടമകളും ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. ഈർപ്പം കൂടുതലാണെന്ന് പറഞ്ഞ് ക്വിൻ്റലിന് 23 കിലോ വരെ കിഴിവ് വാങ്ങിയാണ് മില്ലുകൾ സംഭരണം നടത്തുന്നത്.  സർക്കാർ ഇടപെടൽ ഇല്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് കർഷകർ പറയുന്നു 

ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി നാലു ചിറ വടക്ക് പാടശേഖരത്തിലെ കർഷകരാണ് മില്ലുടമകളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി പരാതി ഉന്നയിച്ചത്. . 165 ഏക്കറുള്ള ഈ പാടശേഖരത്താൽ നാലു ദിവസം മുൻപ് കൊയ്ത്ത് പൂർത്തിയായി.ഒരേക്കറിന് 45, 000 ത്തോളം രൂപയാണ് കരിനില മേഖലയിലുള്ള ഈ പാടത്ത് കൃഷിക്കായി ചെലവഴിച്ചത്.കൊയ്ത്ത് പൂർത്തിയായതോടെ പാടശേഖര സമിതി ഭാരവാഹികൾ ക്വിൻ്റലിന് 15 കിലോ വരെ കിഴിവ് നൽകാമെന്ന് മില്ലുടമയുമായി കരാറിലേർപ്പെട്ടു. 17 ശതമാനം വരെ ഈർപ്പമുണ്ടെങ്കിൽ ഒരു കിലോ കിഴിവ് മാത്രം നൽകിയാൽ മതിയെന്നാണ് സർക്കാർ നിർദേശം. അധികമായി വരുന്ന ഈർപ്പത്തിന് ഓരോ കിലോ ഗ്രാം കൂടുതൽ കിഴിവ് നൽകണം. ഈർപ്പമൊട്ടുമില്ലാത്ത ഉണങ്ങിയ നെല്ലിന് 15 കിലോ കിഴിവാണ് മില്ലുടമ ആവശ്യപ്പെട്ടത്.മഴ ഭീഷണിയിൽ ആശങ്കയിലായ കർഷകർ ഇത് സമ്മതിച്ചു. നെല്ലെടുപ്പ് ആരംഭിച്ചതോടെ കിഴിവ് 15 ൽ ൽ നിന്ന് 23 കിലോയായി മില്ലുകാർ ഉയർത്തി. 

സർക്കാർ ഉത്തരവിന് വിരുദ്ധമായി 6 കിലോ വരെ അധികം കിഴിവ് നൽകേണ്ട ഗതികേടിലാണ് കർഷകർ. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മില്ലുകാരുടെ പിടിവാശിക്ക് മുന്നിൽ കർഷകർക്ക് മുട്ടുമടക്കേണ്ടി വന്നു.ഒരു ക്വിൻ്റൽ നെല്ല് ചാക്കിൽ നിറക്കുന്നതിന് 40 രൂപയും ചുമട്ടുകൂലി 120 രൂപയും നൽകണം. കൊയ്ത്ത് യന്ത്രത്തിന് 2,100 രൂപയാണ് വാടക.ഈയിനത്തിലും ചിലവുകൾ കൂടിയതിന് പിന്നാലെയാണ് മില്ലുകളുടെ ചൂഷണം. ഏക്കറിന് പതിനായിരങ്ങളുടെ നഷ്ടമാണ് കർഷകർക്ക്.കർഷകരെ സഹായിക്കേണ്ടതിന് പകരം മില്ലുകാർക്കൊപ്പം നിൽക്കുകയാണ് സിവിൽ സപ്ലൈസ്, കൃഷി ഉദ്യോഗസ്ഥർ