സ്കൂൾ ബസിന് ഡീസലടിക്കാൻ പണമില്ല; അതിജീവനം ബിരിയാണി ചലഞ്ചിലൂടെ

വൈക്കത്ത്‌ സർക്കാർ സ്കൂൾ ബസിന് ഡീസലടിക്കാൻ ബിരിയാണി ചലഞ്ച്.ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വൈക്കം സർക്കാർ എൽ.പി.സ്കൂളിലെ ബസോടിക്കാനാണ് പണമില്ലാത്തത്. അധ്യാപകർ പണം മുടക്കി വലഞ്ഞതോടെയാണ് പി.ടി.എ യും പൂർവ്വ വിദ്യാർഥി കൂട്ടായ്മയും ബിരിയാണി ചലഞ്ചിലൂടെ പണം കണ്ടെത്താൻ തീരുമാനിച്ചത്.

 സ്കൂൾ ഹെഡ്മിസ്ട്രസിന്റെ ശമ്പളത്തിൽ നിന്നുകൂടി പണമെടുത്താണ് നിലവിൽ ഇവിടെ സ്കൂൾ ബസോടിക്കുന്നത്. എം എൽ എ ഫണ്ടിൽ നിന്ന് വാങ്ങിയ രണ്ട് മിനി ബസിനൊപ്പം രണ്ട് വാനുകൾ കൂടി വാടകയ്ക്കെടുത്താണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. സ്കൂൾ ബസിന്റെ ഇൻഷുറൻസ് അടക്കമുള്ള ചിലവുകൾ വർധിച്ചതോടെയാണ് ബിരിയാണി ചലഞ്ച് നടത്താൻ തീരുമാനിച്ചത്. ബസുകളുടെ അറ്റകുറ്റപണിക്കും ഡീസലിനുമൊക്കെയായി ഒരു മാസം മുക്കാൽ ലക്ഷം രൂപയോളമാണ് ചിലവ്.

സ്കൂളിൽ ഭൂരിഭാഗവും സാധാരണക്കാരുടെ കുട്ടികളാണ്  പഠിക്കുന്നത്. അതുകൊണ്ട് തന്നെ വാൻ ഫീസടക്കം കിട്ടാത്ത സ്ഥിതിയിലായതോടെയാണ് അദ്ധ്യാപകർ ശമ്പളത്തിൽ നിന്ന് പണം നൽകി വന്നത് . രണ്ട് വാൻ ഡ്രൈവർമാർക്കും സഹായികൾക്കും ശമ്പളം കൊടുക്കാനും പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് സ്കൂൾ അധികൃതർ.പുലർച്ചെ മൂന്ന് മണിയോടെ എത്തിയാണ് രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് 2500 പേർക്കുള്ള ബിരിയാണി വച്ചത്.സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും ആവശ്യക്കാർക്ക് ബിരിയാണി എത്തിച്ചു നൽകി. ബിരിയാണി ചലഞ്ചിലൂടെ താൽക്കാലത്തേക്ക് ആശ്വാസം കണ്ടെത്തിയെങ്കിലും ശാശ്വതപരിഹാരത്തിനായി സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യമാണ് സ്കൂൾ അധികൃതർക്കുള്ളത്