വെള്ളപ്പൊക്ക ദുരിതം; നാടിനെ കരകയറ്റാൻ പദ്ധതിയുമായി വൈക്കം

മഴ പെയ്താൽ വെള്ളത്തിലാകുന്ന നാട്ടുകാരെയും കൃഷിയേയും സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി വൈക്കം ഉദയനാപുരം പഞ്ചായത്ത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന വാഴമന നീർത്തട സംരക്ഷണ വികസന പദ്ധതിക്കാണ് തുടക്കമായത്. പദ്ധതി സാധ്യത പരിശോധനക്കായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. 

വെള്ളപ്പൊക്ക ദുരിതത്താൽ നിരവധി കുടുംബങ്ങൾ നാടുവിട്ടുപോയ വൈക്കത്തെ ഉദയനാപുരം പഞ്ചായത്തിലാണ് കൃഷിയും ടൂറിസവും സംയോജിപ്പിച്ചുള്ള പദ്ധതിക്ക് തുടക്കമായത്. വാഴമന, ഉദയനാപുരം, അക്കരപ്പാടം എന്നീ നീർത്തടങ്ങളാൽ ചുറ്റപ്പെട്ട കാർഷിക മേഖലയിലാണ്  പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ  1300 ഏക്കർ കൃഷി ഭൂമിക്ക് 15 കിലോമീറ്റർ ആറ്റു ബണ്ട് ശാസ്ത്രീയമായി നിർമ്മിച്ച് വെള്ളപ്പൊക്കമൊഴിവാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും.. ബണ്ടുകൾ ബന്ധിപ്പിച്ച് 25 കിലോമീറ്ററിൽ സൈക്കിൾ ട്രാക്ക് നിർമ്മിച്ച് ടൂറിസം സാധ്യതയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

പുഴകളിലെ പായലും മാലിന്യവും നീക്കി ആഴം കൂട്ടി ജലഗതാഗത സൗകര്യമൊരുങ്ങും..ജൈവ കൃഷി ഉൽപന്നങ്ങൾക്ക്‌ പ്രദേശത്ത് തന്നെ വിപണി സൃഷ്ടിക്കുന്നതിലൂടെ സുസ്ഥിര കാർഷിക രീതിയുടെ കേരള മാതൃക സൃഷ്ടിക്കാനാവുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. ഭൂരിഭാഗം നാട്ടുകാരും പദ്ധതിക്കായി ആറ്റുതീരത്തെ സ്ഥലം വിട്ടുനൽകാനും തയാറായിട്ടുണ്ട്. മൂന്ന് വർഷം കൊണ്ട് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ശ്രമം.