മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നികൾ; വലഞ്ഞ് കർഷകർ

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. കുറെ നാളുകള്‍‌ക്ക് മുന്‍പ് പോളച്ചിറ ഭാഗത്തായിരുന്നു ആദ്യം പന്നിയുടെ ശല്യം ഉണ്ടായിരുന്നത്. 

ചിറക്കര പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തംഗവുമൊക്കെ കഴിഞ്ഞദിവസം സ്ഥലത്തെത്തിയിരുന്നു. കാട്ടുപന്നിശല്യം കുറയ്ക്കാന്‍ തുടക്കത്തിലേ ഇടപെട്ടില്ലെങ്കില്‍ ഇപ്പോള്‍ നന്നായി കൃഷിചെയ്യുന്ന സ്ഥലങ്ങളൊക്കെ പിന്നീട് തരിശിടേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.