വയനാട്ടിൽ ലഹരിയൊഴുകുന്നു; ഒന്നര മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് ഇരുന്നൂറോളം കേസുകള്‍

വയനാട് ജില്ലയില്‍ ഒന്നര മാസത്തിനിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് ഇരുന്നൂറോളം ലഹരിമരുന്ന് കേസുകള്‍. ഭൂരിഭാഗം കേസുകളിലും പിടിലായത് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തിയ യുവാക്കളാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പടെ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.

കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. അതിര്‍ത്തി പ്രദേശങ്ങള്‍ വഴി കേരളത്തിലേക്ക് ലഹരിമരുന്ന് ഒഴുകുകയാണ്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്ൈസസും പൊലീസും പരിശോധന ശക്തമാക്കിയിരുന്നു. ഒന്നര മാസത്തിനിടെ ഇരുന്നൂറോളം കേസുകളാണ് പൊലീസ്  രജിസ്റ്റര്‍ ചെയ്തത്. കൂടുതലായും പിടികൂടുന്നത് കഞ്ചാവും എംഡിഎംഎയും. മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തിയതില്‍ ഭൂരിഭാഗവും യുവാക്കള്‍. ഓഗസ്റ്റില്‍ മാത്രം  120 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. ഇന്നലെ  കല്‍പറ്റയില്‍ നിന്നും 12 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

കെഎസ്ആര്‍ടിസി ബസുകളില്‍ അടക്കമാണ് ലഹരിമരുന്നുകള്‍ കടത്തുന്നത്. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം ലഹരി വില്‍പന നടക്കുന്നതായി രഹസ്യ വിവരമുണ്ട്. പൊലീസ് ഇവിടങ്ങളില്‍ പരിശോധന തുടരും. യുവാക്കളെ ലഹരിയില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ  ബോധല്‍ക്കരണ പരിപാടിയായ യോധാവിന് ജില്ലാ പൊലീസ് തുടക്കമിടുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും. ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വീടുകളില്‍ എത്തി സന്ദേശം കൈമാറും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടും ജില്ലയിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ട്. റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും