റോഡിലിറങ്ങിയ സംഘത്തെ അടിച്ചൊതുക്കി ചുരുട്ടിക്കൂട്ടി ലോക്കപ്പിലിട്ടു; മോക്‌ഡ്രിൽ

നെടുങ്കണ്ടം : ഓണത്തിന് രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; റോഡിലിറങ്ങിയ സംഘത്തെ അടിച്ചൊതുക്കി ചുരുട്ടിക്കൂട്ടി ലോക്കപ്പിലാക്കി മോക്‌ഡ്രില്ലുമായി പൊലീസിന്റെ മുന്നറിയിപ്പ്. ‘ഓപ്പറേഷൻ ആന്റി–റയട്ട്’ എന്ന് പേരിൽ നെടുങ്കണ്ടം പൊലീസാണ് കല്ലാറിൽ മോക്ഡ്രിൽ നടത്തിയത്. നെടുങ്കണ്ടം സിഐ ബി.എസ്.ബിനു, എസ്ഐ ജി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.

നെടുങ്കണ്ടം പ്രദേശത്ത് 2 രാഷ്ട്രീയ സംഘടനകൾ പരസ്പരം അപായപ്പെടുത്താനുള്ള നേതാക്കളുടെ പട്ടിക അടക്കം തയാറാക്കിയെന്ന വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് അക്രമത്തിന് തയാറെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസിന്റെ മോക്ഡ്രിൽ. പ്രത്യേകം ട്രെയ്നിങ് ലഭിച്ച 2 സംഘം ആളുകൾ കല്ലാറിൽ എത്തുകയും പരസ്പരം പോരടിക്കുകയും ചെയ്തു. ഡമ്മി ആയുധങ്ങളും കൈവശ മുണ്ടായിരുന്നു. പിന്നാലെ പൊലീസ് വാഹനവ്യൂഹം പാഞ്ഞെത്തി ഏറ്റുമുട്ടൽ നടത്തിയ 2 സംഘങ്ങളെ കീഴ്പ്പെടുത്തി.

പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ വീണ്ടും കുതറിയോടിയ ‘അക്രമിസംഘത്തെ’ പൊലീസ് കായികമായി നേരിട്ട് കീഴ്പ്പെടുത്തി. ഇതാണ് മോക്–ഡ്രില്ലായി നടന്നത്. നെടുങ്കണ്ടത്ത് രാഷ്ട്രീയ സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നാൽ സ്ഥലത്ത് പൊലീസ് ഇടപെടൽ നടത്തുന്നത് എങ്ങനെയെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താനും ഇത്തരം ശ്രമങ്ങൾ പൊലീസ് മനസിലാക്കിയെന്നും പിൻമാറണമെന്നുള്ള സന്ദേശം നൽകാനുമാണ് മോക്ഡ്രിൽ ആവിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു.

മോക്ഡ്രില്ലിന്റെ ഭാഗമായി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായാൽ ആക്രമണം നടത്താൻ സാധ്യതയുള്ള 15 വീടുകളുടെ പരിസരത്തും ടൗണിലെ 10 പോയിന്റുകളിലും സുരക്ഷ ഏർപ്പെടുത്തി. ആദ്യം അപ്രതീക്ഷിത പൊലീസ് നീക്കം കണ്ട് നാട്ടുകാരും ഞെട്ടിയെങ്കിലും പിന്നിട് വിശദീകരണം നൽകിയതോടെ ആശ്വാസത്തിലാണ് കല്ലാറുകാർ.

MORE IN KERALA