കോട്ടയം നഗരത്തിനു മേൽ പറന്ന 3 വിമാനങ്ങൾ ആരുടേത്?; ലക്ഷ്യമെന്ത്?; ഊഹാപോഹങ്ങൾ

REPRESENTATIVE IMAGE

കോട്ടയം : നഗരത്തിനു മേൽ  വട്ടമിട്ടു പറന്ന ആ 3 വിമാനങ്ങൾ ആരുടേത്? അവരുടെ ലക്ഷ്യമെന്താവാം? ഊഹാപോഹങ്ങളുടെ പകലാണ് ഇന്നലെ കടന്നുപോയത്. വാട്സാപ് ഗ്രൂപ്പുകളിലാണ് ഇതുസംബന്ധിച്ചു ചർച്ച പൊടിപൊടിച്ചത്. എന്നാൽ ഇതു നേവിയുടെ വിമാനങ്ങൾ നിരീക്ഷണപ്പറക്കൽ നടത്തിയതായിരുന്നുവെന്നു പിന്നീട് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നു ശേഷമാണു നഗരത്തെ വട്ടമിട്ട്, ഒന്നിനു പിറകെ ഒന്നായി 3 വിമാനങ്ങൾ നിരീക്ഷണപ്പറക്കൽ നടത്തിയത്. 

യാത്രാവിമാനങ്ങളെക്കാൾ താഴ്ന്നു പറന്നതിനാൽ ഇതും ‘കഥ’കൾക്കു തുടക്കമിട്ടു. വിമാനം താഴ്ന്നുപറന്നു എന്നറിയിച്ചു പൊലീസ് സ്റ്റേഷനിലേക്കും വിളികളെത്തി. സ്പെഷൽ ബ്രാഞ്ചിലും ഇതുസംബന്ധിച്ചു വിവരമുണ്ടായിരുന്നില്ല. സെപ്റ്റംബർ 2നു പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നുണ്ട്. ഇതിനു മുന്നോടിയായി നാവികസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാണു കോട്ടയം കഴിഞ്ഞ ദിവസം കണ്ട നിരീക്ഷണപ്പറക്കൽ.