കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയിൽ; ചെമ്പിടിചക്കങ്കരി പാടശേഖരത്തിൽ മട വീണു

മഴ മാറി അന്തരീക്ഷം തെളിഞ്ഞെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയിൽ ഉയർന്നു തന്നെ നിൽക്കുന്നു. ചമ്പക്കുളത്ത് 100 ഏക്കറുള്ള ചെമ്പിടിചക്കങ്കരി പാടശേഖരത്തിൽ മട വീണു. ആലപ്പുഴയിലെത്തിയ എൻ ഡി ആർ എഫ് സംഘം അപ്പർ കുട്ടനാട്ടിലെ  ചെങ്ങന്നൂർ ഭാഗത്ത് നിരീക്ഷണം നടത്തി.ജില്ലയിലെ സ്ഥിതിഗതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും കലക്ടർ വി.ആർ കൃഷ്ണതേജ പറഞ്ഞു.

ആറുകളിലും തോടുകളിലു ജലനിരപ്പ് താഴാതെ നിൽക്കുന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതുമാണ് കുട്ടനാട്ടിൽ ഭീഷണിയാകുന്നത് ചമ്പക്കുളത്ത് രണ്ടാം കൃഷി ചെയ്യുന്ന 100 ഏക്കറുള്ള ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ  മടവീണു. ജലനിരപ്പ് ഉയർന്ന് പുറം ബണ്ട് തകർന്നാണ് മടവീഴ്ച ഉണ്ടായത്. ഇവിടെ മടവീണതിനാൽ തൊട്ടടുത്തുള്ള പാടത്തും വെള്ളം കയറുമെന്ന ഭീഷണിയുണ്ട്.മടവീഴ്ച മൂലം എടത്വ - ചമ്പക്കുളം റോഡിലും വെള്ളം കയറി.  കുട്ടനാട്ടിൽ താഴ്ന്നയിടങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.  തോട്ടപ്പള്ളി സ്പിൽ വേ തണ്ണീർമുക്കം ബണ്ട് എന്നിവയിലൂടെ കുട്ടനാടിലെത്തുന്ന അധികജലം കടലിലേക്കൊഴുകുന്നുണ്ട്.

ജില്ലയിലെ സ്ഥിതിഗതിഗതികൾ നിയന്ത്രണവിധേയമെന്ന് കലക്ടർ വി.ആർ കൃഷ്ണ തേജ അറിയിച്ചു

പമ്പ, മണിമല അച്ചൻ കോവിലാർ കേന്ദ്രികരിച്ച് മൂന്ന് മേഖലകളായി തിരിച്ചാണ് ജില്ലാ ഭരണകൂടം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ആലപ്പുഴയിലെത്തിയ NDRF സംഘം ആദ്യം അപ്പർ കുട്ടനാട്ടിലെ  ചെങ്ങന്നൂർ ഭാഗത്ത് സ്ഥിതിഗതികൾ പരിശോധിച്ചു ജില്ലയിൽ 34 ദുരിതാശ്വാസ ക്യാംപുകളിലായി 1045 പേരുണ്ട്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ യാത്ര ദുഷ്കരമാണ്. എടത്വ - ഹരിപ്പാട് റോഡ്, നീരേറ്റുപുറം - കിടങ്ങറ റോഡ്, കാവാലം കൃഷ്ണപുരം - നാരകത്തറ റോഡ് തുടങ്ങിയ പാതകളിലും പല ഭാഗത്തും വെള്ളമുണ്ട്. ജില്ലയിൽ 25 വീടുകളാണ് തകർന്നത്.