സെഞ്ചുറിയിൽ നിന്ന് മൂന്നിലേക്ക്; കുത്തനെ ഇടിഞ്ഞ് തക്കാളി വില; വിളവെടുക്കാതെ കർഷകർ

സെഞ്ചുറിയടിച്ച തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്ക് കനത്ത നഷ്ടം. വിളവെടുത്താൽ പിന്നെയും നഷ്ടം കൂടുമെന്നതിനാൽ കേരള– കർണാടക അതിർത്തിയിൽ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ തക്കാളി നശിക്കുകയാണ്. സൂര്യകാന്തിയും ചെണ്ടുമല്ലിയും വർണഭംഗി പകരുന്ന തോട്ടങ്ങൾക്കപ്പുറം ചെന്നാൽ നശിച്ചുകിടക്കുന്ന തക്കാളിത്തോട്ടങ്ങൾ കാണാം.

സഞ്ചാരികൾക്ക് വേണമെങ്കിൽ തക്കാളി പറിക്കാം. ആരും തടയില്ല. പറിച്ചുകൊണ്ടുപോകാനാണ് കർഷകർ തന്നെ പറയുന്നത്. ‘ഒരു മാസം മുൻപ് കിലോയ്ക്ക് 70 രൂപയും 80 രൂപയും വരെ കിട്ടിയിരുന്നതാണ്. ഇപ്പോൾ കിട്ടുന്നത് രണ്ട് രൂപയും മൂന്നു രൂപയുമാണ്. കൃഷി ചെയ്ത വകയിൽ തന്നെ വലിയ നഷ്ടമാണ്. വിളവെടുപ്പ് നടത്തിയാൽ ‌കൂലി നൽകി നഷ്ടം ഇനിയും കൂടും’– എന്നാണ് കർഷകനായ മാതപ്പ പറഞ്ഞത്.

കഴിഞ്ഞ ബലി പെരുന്നാൾ സമയത്ത് മാർക്കറ്റിൽ ഒരു കിലോ ഗ്രാം തക്കാളിയുടെ വില 100 രൂപയായിരുന്നു. ഇപ്പോൾ തക്കാളി കടയിൽ നിന്നു വാങ്ങുമ്പോൾ പരമാവധി വില 15 രൂപ വരെയാണ്. ജില്ലയിലെ മാ‍ർക്കറ്റുകളിലേക്ക് തക്കാളി ലോഡെത്തുന്നത് മൈസൂരു മാർക്കറ്റിൽ നിന്നാണ്. ഇവിടെ കിലോയ്ക്ക് 4 രൂപയാണ് വില. ഗൂണ്ടൽപേട്ടിലെ ബീമൻബിട്ട, കനൈഹള്ള. ബിച്ചനഹള്ള, കന്നേലു, ബേരമ്പടി, ഒങ്കളി തുടങ്ങിയ ഗ്രാമങ്ങളിലാണ് തക്കാളി കൃഷി കൂടുതലുമുള്ളത്.