അപകടങ്ങൾ പതിവ്; കുരുക്കുണ്ടാക്കുന്ന കേബിളുകൾ മുറിച്ചുമാറ്റി നഗരസഭ

റോഡരുകില്‍ കുരുക്കുണ്ടാക്കുന്ന കേബിളുകള്‍ മുറിച്ചു മാറ്റി തൃക്കാക്കര നഗരസഭ. അപകടങ്ങള്‍ പതിവായിട്ടും കേബിള്‍ സുരക്ഷിതമാക്കാന്‍ കമ്പനികള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നടപടി. കേബിള്‍ മുറിക്കുന്നതിന്റെ ചെലവ് കമ്പനികളില്‍നിന്ന് ഈടാക്കാനാണ് തീരുമാനം.

ചെമ്പുമുക്കില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെയാണ് തൃക്കാക്കര നഗരസഭ കടുത്ത നടപടി തുടങ്ങിയത്. ചെമ്പുമുക്ക് മുതല്‍ കേബിളുകള്‍ മുറിച്ചു തുടങ്ങി. വൈദ്യുത പോസ്റ്റുകളില്‍ കൃത്യമായ ഉയരത്തില്‍ വലിച്ചു കെട്ടിയിരിക്കുന്നതൊഴികെ ബാക്കിയെല്ലാം വെട്ടിയരിഞ്ഞു. ലോഡ് കണക്കിന് കേബിള്‍ ആദ്യദിനംതന്നെ മുറിച്ചുമാറ്റി. ഉപയോഗക്ഷമമായ കേബിള്‍ സുരക്ഷിതമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു കമ്പനി മാത്രമാണ് എത്തിയത്. 

അപകടത്തിന് പിന്നാലെ രണ്ടുവട്ടം കേബിള്‍ കമ്പനികളുടെ യോഗം വിളിച്ചിരുന്നു. കേബിള്‍ നീക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ രണ്ടാഴ്ച നോട്ടീസ് കാലാവധിയും നല്‍കിയശേഷമാണ് മുറിച്ചുനീക്കാന്‍ തുടങ്ങിയത്.