വിധിയെഴുതാൻ തൃക്കാക്കര: ചർച്ചയായത് വികസനം മുതൽ വര്‍ഗീയത വരെ

വിവാദങ്ങള്‍ അരങ്ങുവാണ ഒരു തിരഞ്ഞെടുപ്പ് പ്രചാരണമാണ് തൃക്കാക്കരയില്‍ കൊട്ടിക്കലാശിച്ചത്. വികസനത്തില്‍ തുടങ്ങി വര്‍ഗീയതയെ തൊട്ടുരുമി ഒടുവില്‍ വീഡിയോ വിവാദത്തിലെത്തിനിന്നു തൃക്കാക്കരയിലെ വോട്ടുചര്‍ച്ച.      

ഇടതു സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കല്ലുകടിയും ആശയക്കുഴപ്പവുമാണ് തൃക്കാക്കരയിലെ വിവാദങ്ങളുടെ തുടക്കം. ഡോ.ജോ ജോസഫിന്റെ വരവോടെ സ്ഥാനാര്‍ഥി വന്ന വഴി സഭയുമായി ചേര്‍ത്തുവച്ച് ചര്‍ച്ചയായി. വിവാദം പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ കെ.വി.തോമസിനെ അടര്‍ത്തി പകരം വീട്ടി ചര്‍ച്ച വഴിച്ചുതിരിച്ചുവിട്ടു സിപിഎം.

അടുത്ത അധ്യായം വികട സരസ്വതികളുടെതായിരുന്നു. സൗഭാഗ്യ പരാമ‍ര്‍ശത്തിലൂടെ മുഖ്യമന്ത്രി തിരികൊളുത്തി. മുഖ്യമന്ത്രിക്കെതിരെ ചങ്ങല പൊട്ടിയ നായ പ്രയോഗം നടത്തിയെ കെ.സുധാകരനെതിരെ കേസുമായി. ട്വന്റി ട്വന്റി ആം ആദ്മി സഖ്യത്തിന്റെ വോട്ടുകളില്‍ കണ്ണുംനട്ടിരുന്ന മുന്നണികള്‍ക്ക് നാലാം സഖ്യം സമ്മാനിച്ചത് മനസാക്ഷി വോട്ടിന്റെ ആഹ്വാനമാണ്.

വെണ്ണല ക്ഷേത്രത്തിലെ പ്രസംഗം വിദ്വേഷിന്റെ പരിധിയില്‍പ്പെട്ടപ്പോള്‍ പി.സി.ജോര്‍ജ് ഒളിവിലായി. ഒടുവില്‍ ജാമ്യം ലഭിച്ച് പാലാരിവട്ടത്ത് എത്തിയപ്പോള്‍ തിരുവനന്തപുരത്തെ കേസില്‍ ജാമ്യം റദ്ദായി പൂജപ്പൂര കയറി. ജ‍ോര്‍ജിന്റെ അറസ്റ്റ് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യവുമായി ചേര്‍ത്തുവായിക്കപ്പെട്ടപ്പോള്‍ തൃക്കാക്കരയില്‍ വര്‍ഗീയതയും തലപൊക്കി.  ഒടുവില്‍ പകരംവീട്ടാനെന്നോണം തൃക്കാക്കരയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനുമിറങ്ങിയാണ് ജോര്‍ജ് മടങ്ങിയത്.