ചിന്നക്കടയിൽ വൻ റേഷനരിക്കടത്ത്; പിടിക്കൂടിയത് 324 ചാക്ക്; അന്വേഷണം

കൊല്ലം ചിന്നക്കടയില്‍ വന്‍ റേഷനരിക്കടത്ത്. ലോറിയില്‍ കയറ്റുകയായിരുന്ന 324 ചാക്ക് റേഷനരി പൊലീസ് പിടികൂടി. സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ചിന്നക്കട കല്ലുപാലത്തിന് സമീപമുളള അരിക്കട കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. റേഷന്‍ ചാക്കുകള്‍ മാറ്റി പ്ളാസ്റ്റിക് ചാക്കുകളില്‍ അരി നിറച്ചാണ് വില്‍പ്പനയ്ക്ക് വച്ചിരുന്നത്. രാവിലെ ലോറിയില്‍ അരി കയറ്റുമ്പോഴാണ് ഇൗസ്റ്റ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നോക്കിയപ്പോള്‍ നല്ല ഒന്നാന്തരം റേഷനരി. പൊലീസുകാരെക്കണ്ട് ലോറിയിലുണ്ടായിരുന്നവരും സ്ഥാപനഉടമയും ജീവനക്കാരുമൊക്കെ സ്ഥലം വിട്ടു. പിന്നീട് താലൂക്ക് സ്പ്ളൈ ഒാഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഹംസ റൈസ് എന്നപേരിലാണ് ചാക്കുകളില്‍ അരി നിറച്ചിരുന്നത്. അരിയുടെ സാംപിള്‍ ശേഖരിച്ചു. രണ്ടു തരം അരിയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 

കടയ്ക്കുളളില്‍ 87 ചാക്ക് അരിയുണ്ടായിരുന്നു. ആകെ 324 ചാക്ക് അരിയാണ് പിടിച്ചെടുത്തത്. ഇത്രയും ഉയര്‍ന്ന തോതില്‍ റേഷനരി പൊതുവിപണിയില്‍ എത്തിയതിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് വിവരം. തൃശൂര്‍ റജിസ്ട്രേഷനുളള ലോറിയിലേക്കാണ് അരി കയറ്റാന്‍ ശ്രമിച്ചത്. സ്ഥാപനത്തിനുളളില്‍ നിന്ന് വിവിധ ബ്രാന്‍ഡുകളുടെ പേരുളള അരിച്ചാക്കുകളും പൊലീസിന് ലഭിച്ചു. പലതും തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മില്ലുകളുടെ പേരുളളതാണ്. റേഷനരിയാണെന്ന് സപ്ളൈ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇനി പൊലീസാണ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുക.