സത്രീവിരുദ്ധ സർക്കുലറുമായി ടൂറിസം ഡയറക്ടർ; അടിയന്തര വിശദീകരണം തേടി മന്ത്രി

സ്ത്രീവിരുദ്ധ സര്‍ക്കുലറുമായി ടൂറിസം ഡയറക്ടര്‍. ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളണം എന്നാണ് നിര്‍ദേശം. സര്‍ക്കുലര്‍ ശ്രദ്ധയില്‍ പെട്ട മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടര്‍ വി.ആര്‍.കൃഷ്ണതേജയോട് വിശദീകരണം തേടി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കുലര്‍ റദ്ദാക്കി.

പതിനേഴിന് ടൂറിസം ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിലാണ് പരാതിപ്പെടുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന നിര്‍ദേശമുള്ളത്. ടൂറിസം വകുപ്പിന് കീഴിലെ ഓഫിസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും ജീവനക്കാര്‍, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധ വിഷയങ്ങളില്‍ നല്‍കുന്ന പരാതികള്‍ അന്വേഷണത്തിന്‍റെ ഘട്ടത്തില്‍ പിന്‍വലിക്കുകയോ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറുകയോ ചെയ്യുന്നെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ സമയവും പ്രയത്നവും പാഴാക്കുന്നതിന് ഇടയാക്കുന്നു. ചില ജീവനക്കാര്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ഇത് വകുപ്പിന്‍റെ സല്‍പ്പേരിന് കളങ്കമാണെന്നും സര്‍ക്കുലറിലുണ്ട്. മേലില്‍ ഇപ്രകാരം പരാതികള്‍ നല്‍കുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നതും ഉചിതമമായ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതുമാണ് എന്ന് ഭീഷണിയോടെയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. സ്ത്രീസുരക്ഷയ്ക്കൊപ്പം നില്‍ക്കുമെന്ന ഇടതു സര്‍ക്കാരിന്‍റെ നയത്തിന് വിരുദ്ധമാണ് സര്‍ക്കുലര്‍. പരാതി നല്‍കുന്ന സ്ത്രീകള്‍ വലിയ സമ്മര്‍ദം നേരിടുന്ന സാഹചര്യമാണ് ഇപ്പോള്‍ തന്നെ ഉള്ളത്. അതിന് പുറമെയാണ് ഓഫിസിനുള്ളില്‍ അതിക്രമത്തിനിരയായാലും പരാതി നല്‍കുന്നതില്‍ നിന്ന് ജീവനക്കാരികളെ പിന്തിരിപ്പിക്കുന്ന സര്‍ക്കുലര്‍ ഇറക്കിയത്. ഈ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയ ടൂറിസം ഡയറക്ടറോട് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം തേടിയത്. അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണം എന്നാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.