കരടിയും കാട്ടാനയും ഇറങ്ങുന്ന സ്ഥലത്ത് രാത്രി ട്രെക്കിങ്ങ്; പിഴയിട്ട് വനംവകുപ്പ്

വാൽപാറയിൽ വനം വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് രാത്രിയിൽ വിനോദ സഞ്ചാരികളുമായി ട്രക്കിങിനിറങ്ങിയ വാഹനങ്ങൾ പിടികൂടി പിഴയിട്ടു. നിയമ ലംഘനത്തിന് പ്രേരിപ്പിച്ച റിസോർട്ട് ഉടമയ്ക്കെതിരെയും നടപടിയെടുത്തു. കരടിയും കാട്ടാനയും സ്ഥിരം പ്രത്യക്ഷപ്പെടുന്ന പാതകളിൽ യാതൊരു സുരക്ഷയുമില്ലാതെ രാത്രിയിൽ സഞ്ചാരികളെ എത്തിക്കുന്നുവെന്നാണ് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് നിയമ ലംഘനം വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാൽപാറയിലെ അയ്യർപാടി എസ്റ്റേറ്റിലുള്ള ഹോട്ടലിലെ വിനോദ സഞ്ചാരികളാണ് രണ്ടു വാഹനങ്ങളിൽ ട്രക്കിങിനു പോയത്. ഇവർ അയ്യർപാടിയിലെ പ്രധാന റോഡ് കടന്നുപോകുന്ന കരടികളുടെ ഫോട്ടോ എടുക്കുന്നത് വാൽപാറ റേഞ്ച് ഓഫീസർ വെങ്കടേഷ്  നേരിൽക്കണ്ടു. വന്യ മൃഗങ്ങൾ ഇറങ്ങുന്ന സമയങ്ങളിൽ  ഇവിടെ നിൽക്കരുതെന്നും ഉടൻ താമസ സ്ഥലത്തേക്ക് പോകാനും നിർദേശിച്ചു. എന്നാൽ അവിടെ നിന്ന് മടങ്ങിയ സംഘം മറ്റൊരിടത്ത് എത്തി വീണ്ടും സാഹസികത തുടർന്നു. 

സംഘം  അപകടകരമായ രീതിയിൽ വന്യമൃഗങ്ങളുടെ  ഫോട്ടോ എടുക്കുന്നതായി റേഞ്ച് ഓഫിസർക്ക് വീണ്ടും വിവരം ലഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സഞ്ചാരികളെ താക്കീത്  നൽകി പറഞ്ഞയച്ചു. തുടർന്ന് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കോട്ടേജിൽ താമസിക്കാനെത്തു വരെ ഇത്തരത്തിൽ രാത്രി കാലങ്ങളിൽ വനമേഖലയിൽ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്.  ശിക്ഷാർഹമാണെന്ന് പല തവണ മുന്നറിയിപ്പും നൽകിയിരുന്നു. ഈ നിർദേശം അവഗണിച്ച് കോട്ടേജ് ഉടമകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. ആദ്യഘട്ടമായി  വാഹനത്തിന്റെ ഡ്രൈവർമാരായ ജീവ, കലയ് അരസൻ എന്നിവർക്ക് ഇരുപത്തയ്യായിരം രൂപ വീതം പിഴയിട്ടു. യാത്രയ്ക്ക് പ്രേരിപ്പിച്ച കോട്ടേജ് ഉടമ ശരത്തിന്  ഇരുപതിനായിരം രൂപയും പിഴ ചുമത്തി. നിയമ ലംഘനം തുടർന്നാൽ വനത്തിൽ അതിക്രമിച്ച് കയറിയെന്ന കുറ്റം ഉൾപ്പെടെ ചുമത്തി അറസ്റ്റുണ്ടാകുമെന്നും വനപാലകർ അറിയിച്ചു.