തിരുവനന്തപുരം ടെന്നിസ്ക്ലബ് പാട്ടകുടിശിക; 31 കോടി 27 ലക്ഷം ഉടന്‍ അടയ്ക്കണമെന്നു ജില്ലാ കലക്ടര്‍

തിരുവനന്തപുരം ടെന്നിസ്ക്ലബ് പാട്ടകുടിശികയായി മുപ്പത്തി ഒന്നു കോടി 27 ലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്നു ജില്ലാ കലക്ടര്‍. 2016 മുതല്‍ 2023 വരെയുള്ള പാട്ടകുടിശികയടയ്ക്കണമെന്ന കലക്ടറുടെ ഉത്തരവ് ടെന്നീസ് ക്ലബിനു കൈമാറി. ടോം ജോസ്, ബിശ്വാസ് മേത്ത എന്നിവര്‍ ചീഫ് സെക്രട്ടറിയായപ്പോള്‍ ക്ലബിന്‍റെ പാട്ടക്കുടിശിക ഒരു കോടിയായി കുറച്ചത് വലിയ വിവാദമായിരുന്നു

ടെന്നിസ് ക്ലബ് കൈവശം വെച്ചിരിക്കുന്ന 191 മുതല്‍ 211 വരെ അഞ്ചു സര്‍വേ നമ്പരുകളില്‍പ്പെട്ട 4.27 ഏക്കര്‍ ഭൂമിയുടെ പാട്ടകുടിശികയായി മുപ്പത്തി ഒന്നു കോടി 27 ലക്ഷത്തി എണ്ണായിരത്തി എഴുനൂറ്റി എണ്‍പത്തി നാലു രൂപ കുടിശികയായി അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കുടിശികയടയ്ക്കാനുള്ള കാലാവധി  മറ്റന്നാള്‍ അവസാനിക്കും. നേരത്തെ ടോം ജോസ് ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ കുടിശിക ലഘൂകരിച്ച് ഒരുകോടിയാക്കി കുറച്ചത് വലിയ വിവദമായിരുന്നു. ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായപ്പോള്‍ ക്ലബിനു അനുകൂല നിലപാടുമായി അന്നത്തെ മന്ത്രിസഭാ യോഗത്തിലെത്തിയപ്പോള്‍ അന്വേഷിക്കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ.സിങിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 

ഭൂമിയുടെ ന്യായവിലയുടെ അഞ്ച് ശതമാനമായി പാട്ടകുടിശിക കുറയ്ക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിനു കൈമാറി. നിലവില്‍ കമ്പോളവിലയുടെ അഞ്ചു ശതമാനം പാട്ടകുടിശിക ഈടാക്കണമെന്നതാണ് ചട്ടം. 1950ഓഗസ്റ്റ് 16 നാണ് ടെന്നീസ് ക്ലബിനു 25 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയത്. 1975 പിന്നീട് വീണ്ടും 50 വര്‍ഷത്തേക്ക് കാലവധി നീട്ടി നല്‍കി. ഇടയ്ക്കുവെച്ച് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും റദ്ദാക്കുകയായിരുന്നു.

എന്നാല്‍ കായിക രംഗത്തെ ഉയര്‍ച്ചയ്ക്കായി ടെന്നീസ് ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുള്ള നിലപാട് എടുക്കണമെന്നു അഭ്യര്‍ഥിച്ച് സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ടെന്നു ടെന്നീസ് ക്ലബ് സെക്രട്ടറി ആര്‍.ജയപ്രകാശ് മനോരമ ന്യൂസിനോടു പറഞ്ഞു. ഇതിനിടയില്‍ വന്ന ഈ കുടിശിക ന്യായീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു