പുന്നത്തൂർ ആനക്കോട്ടയുടെ ചുമതല വനിതയ്ക്ക്; ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യമായി ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയുടെ ചുമതല വനിത ഉദ്യോഗസ്ഥയ്ക്കാണ്. കഴിഞ്ഞ 47 വര്‍ഷത്തിനിടെ വനിത ഉദ്യോഗസ്ഥ ഈ ചുമതലയില്‍ ഇരുന്നിട്ടില്ല. ഗുരുവായൂര്‍ സ്വദേശി ലെജുമോളാണ് കൊമ്പന്‍മാരുടെ കോട്ടയിലെ ചുമതലക്കാരി. 

നാല്‍പത്തിനാല് ആനകളുണ്ട് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനക്കോട്ടയില്‍. മുപ്പത്തിയൊന്‍പത് കൊമ്പന്‍മാരാണ് ഇക്കൂട്ടത്തില്‍. പാപ്പാന്‍മാര്‍ ഉള്‍പ്പെടെ നൂറ്റിയന്‍പത് ജീവനക്കാരും. ഇവരുടെയെല്ലാം മേലുദ്യോഗസ്ഥ ലെജുമോളാണ്. അസിസ്റ്റന്റ് മാനേജര്‍ തസ്തിക. പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ മാത്രം ചുമത വഹിക്കാറുള്ള ഈ പദവിയില്‍ ആദ്യമായി വനിത എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. നാല്‍പത്തിയേഴു വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ലെജുമോളുടെ വരവ്. 

ലെജുമോളുടെ അച്ഛന്‍ രവീന്ദ്രന്‍ ദേവസ്വത്തിലെ പാപ്പാനായിരുന്നു. ഭര്‍ത്താവ് പ്രസാദും കുറച്ചുകാലം പാപ്പാനായി ജോലി നോക്കിയിട്ടുണ്ട്. ഭര്‍തൃപിതാവും ഇവിടെ ആനപരിപാലനത്തിനുണ്ടായിരുന്നു. ദേവസ്വം ജീവനക്കാരിയായി ഇരുപത്തിയഞ്ചു വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ലെജുമോള്‍ക്ക്.  സഹ പ്രവര്‍ത്തകരുടെ പിന്തുണയോടെ പുതിയ ചുമതലയും ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.