വീട്ടുകാര്‍ സിനിമയ്ക്ക് പോയി; വാതില്‍ പൊളിച്ച് കയറി രണ്ടരക്കിലോയിലേറെ സ്വര്‍ണം കവര്‍ന്നു

വീട്ടുകാര്‍ സിനിമയ്ക്ക് പോയ നേരം നോക്കി വീട് കുത്തിത്തുറന്ന് രണ്ടരക്കിലോയിലേറെ സ്വര്‍ണം കവര്‍ന്നതായി പരാതി. ഗുരുവായൂര്‍ ആനക്കോട്ടയ്ക്ക് സമീപത്ത് താമസിക്കുന്ന കെ.വി. ബാലന്‍റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. ഒരു കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മതില്‍ചാടി വീട്ടുവളപ്പില്‍ കടന്ന പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. 

ബാലനും ഭാര്യ രുഗ്‌മിണിയും പേരക്കുട്ടി അർജുനും ഡ്രൈവർ ബ്രിജുവും ഉച്ചയ്ക്ക് 2.30 ന് തൃശൂരിൽ ‘സിബിഐ 5’ സിനിമ കാണാൻ പോയിരുന്നു. വീട്ടിൽ തോട്ടത്തിൽ ജോലി ചെയ്തിരുന്നയാൾ 5 മണിയോടെ ഗേറ്റ് പൂട്ടി പോകുകയും ചെയ്തു. സിനിമയ്ക്കു ശേഷം ഭക്ഷണം കഴിച്ച് അർജുനെ മുണ്ടൂരിൽ മകളുടെ വീട്ടിൽ ഇറക്കി ബാലനും കുടുംബവും രാത്രി 9.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻവശത്തെ വാതിൽ അകത്തുനിന്ന് കുറ്റി ഇട്ടതായി കണ്ടു. പിന്നിൽ ഒന്നാം നിലയിലെ വാതിൽ തുറക്കാനെത്തിയപ്പോൾ അതു കുത്തിപ്പൊളിച്ച നിലയിലായിരുന്നു.

വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാര പൊളിച്ച് ഉള്ളിലെ പൂട്ടു തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും രൂപയും കവരുകയായിരുന്നു. ഒരു കിലോയുടെ 2 സ്വർണ ബാറുകൾ, 116.64 ഗ്രാം വീതം തൂക്കമുള്ള 3 സ്വർണ ബിസ്കറ്റുകൾ, വള, മാല, നെക്‌ലസുകൾ, 40 പവന്റെ സ്വർണം എന്നിവയടക്കം 2.67 കിലോ സ്വർണമാണു കവർന്നത്. 40 വർഷത്തോളം ദുബായിൽ സ്വർണവ്യാപാരം നടത്തിയിരുന്ന ബാലന്റെ ആയുഷ്കാല സമ്പാദ്യമാണു നഷ്ടമായത്.

വീട്ടിലെ സ്വര്‍ണത്തെ കുറിച്ച് കൃത്യമായി അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ സംശയം. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി ഉടന്‍ വലയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.