നീരു വച്ചു വീർത്ത്, മാംസം മോതിരത്തെ മൂടിയ നിലയിൽ: ഊരിക്കൊടുത്ത് സേന

കയ്യിൽ ഊരാക്കുടുക്കായി മാറിയ വളയും മോതിരവുമായി 2 വർഷത്തിനുള്ളിൽ ആലുവ ഫയർ സ്റ്റേഷനിൽ എത്തിയതു നൂറിലേറെ പേർ. വിരലുകൾ നീരു വച്ചു വീർത്ത്, മാംസം മോതിരത്തെ മൂടിയ നിലയിൽ എത്തിയവരാണു പലരും. ആശുപത്രികൾ കയ്യൊഴിഞ്ഞതിനെ തുടർന്നാണ് ഇവർ അഗ്നിരക്ഷാസേനയെ അഭയം പ്രാപിച്ചത്. 3 വയസ്സുള്ള കുട്ടി മുതൽ അറുപതുകാരനായ വർക്‌ഷോപ് ഉടമ വരെയുണ്ട് ഇക്കൂട്ടത്തിൽ.

ചോര പൊടിയാതെ, വിരലുകളിൽ നിന്നു മുറിച്ചെടുത്ത 60 മോതിരങ്ങളും 30 വളകളും ഫയർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. വാഹനത്തിന്റെ എൻജിൻ നന്നാക്കുന്നതിനിടെ കിട്ടിയ കൗതുകകരമായ ഇരുമ്പു വളയം വർക്‌ഷോപ് ഉടമ 30 വർഷം മോതിരമായി ധരിച്ചു. ഒടുവിൽ ഊരാൻ പറ്റാതെ വന്നപ്പോഴാണ് ഫയർ സ്റ്റേഷനിൽ എത്തിയത്. സാധാരണ നിലയിൽ മോതിരവും വളയും മുറിക്കാൻ 15 മിനിറ്റ് എടുക്കും. 

മുറിച്ചെടുക്കുന്ന സാധനങ്ങളിൽ സ്വർണം മാത്രമേ ഉടമകൾ തിരികെ കൊണ്ടുപോകാറുള്ളൂ. ബാക്കി ഉപേക്ഷിക്കും. അതാണ് അഗ്നിരക്ഷാസേനാംഗങ്ങൾ എടുത്തു സൂക്ഷിക്കുന്നത.് അഗ്നിരക്ഷാസേനയുടെ ജോലിയിൽ പെട്ട കാര്യമല്ല ആഭരണം മുറിക്കൽ. മാനുഷിക പരിഗണനയുടെ പേരിലാണ് ഇതു ചെയ്യുന്നത്.