കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; സര്‍ക്കാര്‍ തീരുമാനം കാത്ത് സര്‍വകലാശാലകള്‍

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമോ എന്ന് തിങ്കളാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം അന്തിമ തീരുമാനമെടുക്കും. കേരള സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ചൊവ്വാഴ്ചയും കണ്ണൂര്‍ സര്‍വകലാശാലയിലെ കോളജുകളില്‍ ശനിയാഴ്ചയുമാണ് തിരഞ്ഞെടുപ്പ്. സര്‍ക്കാര്‍ നിര്‍ദേശം വരട്ടെ എന്ന നിലപാടിലാണ് സര്‍വകലാശാലകള്‍. 

അതിതീവ്രമായ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നത്. കേരള സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. കോവിഡ് മാനഡണ്ഡം പാലിച്ച് വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തേണ്ട ഉത്തരവാദിത്വം അതാത് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കാണ്. ഇത് എത്രപ്രായോഗികമാകും എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പമായി മുന്നോട്ട് പോകുന്നതിന് സിന്‍ഡിക്കേറ്റ് അനുകൂലമാണ്.എന്നാല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് കേരള സര്‍വകലാശാല അധികൃതര്‍. 29 നാണ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലെ യൂണിയന്‍തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍മുന്നോട്ട് പോകുകയാണെങ്കിലും ചിലപ്പോള്‍തിരഞ്ഞെടുപ്പ്  മാറ്റിവെക്കേണ്ടിവരുമെന്നാണ് സര്‍വകലാശാല പറയുന്നത്. ഈ മാസമെങ്കിലും തിരഞ്ഞെടുപ്പ് നടത്തി യൂണിയന്‍ഭാരവാഹികള്‍ ചുമതലയേറ്റാലെ  ഈ അധ്യന വര്‍ഷത്തെ ഫണ്ട് വിനിയോഗിക്കാനുള്ള പരിപാടികള്‍ ആരംഭിക്കാമാവൂ. അതിനാല്‍തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായത്തിലാണ് പ്രബല വിദ്യാര്‍ഥി സംഘടനകള്‍.