ധീരജ് വധം: മൂന്നു പേർ കൂടി അറസ്റ്റിൽ; ഒളിവിലുള്ളവർക്കായി തിരച്ചിൽ

ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ഇന്നലെ കീഴടങ്ങിയ രണ്ടു കെഎസ്‍യു പ്രവര്‍ത്തകരുടെയും പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്തിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇപ്പോഴും ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കെ എസ് യു ഇടുക്കി ജില്ല സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, കെഎസ് യു ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, ഇടുക്കി മങ്കുവ സ്വദേശി ജസിൻ ജോയി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ധീരജിനെയും സുഹൃത്തുക്കളെയും കുത്തിയ നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്നവരാണ് ജിതിനും, ടോണിയും. ഒളിവിലുള്ള പ്രതികളിലൊരാളായ നിധിൻ ലൂക്കോസിനെ രക്ഷപെടാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ജസിനെ അറസ്റ്റു ചെയ്തത്. കേസിൽ റിമാൻഡിൽ കഴിയുന്ന നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ നാളെ കോടതി പരിഗണിക്കും. നാളെ തന്നെ ഇവരെ വിട്ടു കിട്ടുമെന്നാണ് കണക്കൂകൂട്ടൽ. പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിൻറെ ആവശ്യം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.