പ്രളയകാലത്തെ രക്ഷകൻ; ഹെലികോപ്റ്റർ ദുരന്തത്തിലെ നോവായി പ്രദിപ്

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. തൃശൂര്‍ പൊന്നൂക്കര സ്വദേശി ജൂനിയര്‍ വാറന്‍ഡ് ഒാഫീസര്‍ എ.പ്രദീപാണ് മരിച്ചത്. പ്രളയകാലത്ത് നാട്ടുകാരെ സഹായിക്കാന്‍ മുന്നില്‍ നിന്ന പ്രദീപിന്റെ സേവന സ്മരണകളിലാണ് നാട്ടുകാര്‍. 

വൈകിട്ടോടെയാണ് പ്രദീപിന്റെ മരണവിവരം ബന്ധുക്കള്‍ അറിഞ്ഞത്. ഉടനെ, കോയമ്പത്തൂരിലേക്ക് തിരിച്ചു. മുപ്പത്തിയേഴുകാരനായ എ.പ്രദീപ് 2004ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തകനായി നാട്ടുകാരെ സഹായിക്കാന്‍ മുന്നില്‍ നിന്നു. 

മാവോയിസ്റ്റുകള്‍ക്കെതിരായ ചത്തീസ്ഗഡിലെ നീക്കങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും പ്രദീപിനൊപ്പം കോയമ്പത്തൂരിലായിരുന്നു താമസം. അച്ഛന്‍ കിടപ്പുരോഗിയാണ്. അമ്മയും സഹോദരനും പൊന്നൂക്കരയിലെ വീട്ടിലാണ് താമസം. രണ്ടാഴ്ച മുമ്പാണ് മകന്റെ പിറന്നാള്‍ ആഘോഷത്തിനായി അവസാനമായി നാട്ടില്‍ എത്തിയത്. തിരിച്ച് ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമായിരുന്നു അപകടം. രണ്ടു വര്‍ഷം കൂടി സേവനം അനുഷ്ഠിച്ച ശേഷം വ്യോമസേനയില്‍ നിന്ന് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. പ്രദീപിന്റെ വേര്‍പാടില്‍ നാടൊന്നാകെ വേദനിക്കുകയാണ്. ഭൗതികശരീരം നാട്ടില്‍ എത്തിക്കാന്‍ നടപടികള്‍ തുടങ്ങി.