ദുർഗന്ധം സഹിക്കാനായില്ല; നാട്ടുകാർ പിന്തുടർന്ന വാഹനം പൊലീസ് പിടികൂടി

കോഴിക്കോട് വടകരയില്‍ ദുര്‍ഗന്ധം വമിക്കുന്ന മല്‍സ്യഅവശിഷ്ടങ്ങള്‍ കൊണ്ടുപോയ വാഹനം പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടികൂടി. പയ്യോളിയില്‍ നിന്ന് വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കരാറുകാരനെതിരെ  കേസെടുത്തു. 

കോഴിക്കോട് മല്‍സ്യമാര്‍ക്കറ്റില്‍ നിന്നുള്ള അവശിഷ്ടം മംഗളൂരുവിലേക്ക് കൊണ്ടുപോയ ടെമ്പോയാണ് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് പൊലീസ് പിടികൂടിയത്. വാഹനത്തില്‍ നിന്ന് മലിനജലം ദേശീയപാതയിലെല്ലാം ഒഴുകി വീഴുന്നുണ്ടായിരുന്നു. ഇതിന്റ ദുര്‍ഗന്ധം സഹിക്കവയ്യാതെയാണ് നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്ന് പിടിക്കാന്‍ ഇറങ്ങിയത്. തുടര്‍ന്ന് പൊലീസിനെയും വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

മാലിന്യം നഗരസഭയുടെ മാലിന്യ സംസ്കരണ സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചുമൂടി. പൊതുജനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മാലിന്യം കൊണ്ടുപോയതിന് പൊലീസ് കേസെടുത്തു. പന്നിയങ്കര സ്വദേശി റഹീസാണ് കരാറുകാരന്‍. വാഹനം വാടകയ്ക്കെടുത്തതാണ്. മതിയായ രേഖകളില്ലാതെയാണ് വാഹനം ഒാടുന്നതെന്നും കണ്ടെത്തി.