നോവിന്‍റെ നെരിപ്പോടിലായത് 2 അമ്മമാര്‍; ആ കുഞ്ഞും എന്തെല്ലാം അനുഭവിച്ചു; മാപ്പില്ല

ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ഗുരുതര വീഴ്ച രണ്ട് അമ്മമാരെയാണ് വേദനയുടെ നെരിപ്പോടിലാക്കിയത്. പ്രസവിച്ച് മൂന്നാംനാള്‍ അകന്നുപോയ കുഞ്ഞിനെയോര്‍ത്ത് ഏറെ നീറിയത് അനുപമ തന്നെയാണ്. ഏറെ കാത്തിരിപ്പിന് ശേഷം കിട്ടിയ പിഞ്ചോമനയെ ഒരുവര്‍ഷത്തിനകം വിട്ടുനല്‍കേണ്ടി വന്ന ആന്ധയിലെ അമ്മയുടെ വേദന അതിലേറെ.

അനുപമയുടെ കൊടിയ വേദനയും യാതനയും ഇപ്പോള്‍ ആന്ധയിലെ അമ്മയുടേതായിരിക്കുന്നു. അവര്‍ക്ക് മറ്റൊരു കുഞ്ഞിനെക്കിട്ടുമായിരിക്കും. പക്ഷേ ആദ്യമായി സ്വന്തമെന്ന് കരുതി മാറോടണച്ച കുഞ്ഞിനെ മറക്കാനാകുമോ? ഇതേ വികാരം തന്നെയാണ് അനുപമ ഒരു വര്‍ഷക്കാലം അനുഭവിച്ചത്. ആ അമ്മയെ ഇപ്പോഴത്തെ വേദനയിലേക്ക് തള്ളിവിട്ടത് അനുപമയല്ല.

അനുപമക്ക് നീതി നിഷേധിച്ച അതേ ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമാണ് അന്ധ്രയിലെ അമ്മയുടെ നീതിയും നിഷേധിച്ചത്. ഒരു വയസ്സേയുള്ളെങ്കിലും ആ കുഞ്ഞും എന്തെല്ലാം മാനസികാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടാകണം. രണ്ടമ്മമാരുടെ മനസ്സെടുത്ത് പന്താടിയ  നെറികേടിന് കൂട്ടുനിന്നവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. അനുപമയുടെ കുഞ്ഞിനെ പ്രസവിച്ച് മൂന്നാം ദിനം മാറ്റിയ അതേ ശക്തികള്‍ തന്നെ അമ്മമനസുകളെ നീറ്റിവരെ രക്ഷിക്കാനെത്തും. മനസ്സാക്ഷിയുള്ളവര്‍ അത് അനുവദിക്കാന്‍ പാടില്ല.