വൻ മതിൽ പോലെ കേരളം വിഭജിക്കപ്പെടും; വേഗ റെയിൽപാത വൻഅബദ്ധം; മെട്രോമാൻ

സിൽവർ ലൈൻ വേഗ റെയിൽപാത പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിക്ക് 64,000 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. പാതയുടെ ഇരുവശവും ചൈനയിലെ വൻ മതിൽ പോലെ നിർമാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും. 5 വർഷം കൊണ്ടു പണി തീരില്ലെന്നും ചുരുങ്ങിയത് 10 വർഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പാതയുടെ അലൈൻമെന്റ് ശരിയല്ല. തിരൂർ മുതൽ കാസർകോട് വരെ റെയിൽപാതയ്ക്കു സമാന്തരമായി വേഗപാത നിർമിക്കുന്നത് ഭാവിയിൽ റെയിൽപാത വികസനത്തെ ബാധിക്കുമെന്നതിനാൽ റെയിൽവേ എതിർക്കുകയാണ്. 140 കിലോമീറ്റർ പാത കടന്നുപോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നു മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണു വേഗപാത നിർമിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകൾ തറനിരപ്പിൽ നിർമിക്കാറില്ല. 

ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു രൂപരേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. 2025ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡിഎംആർസിക്കു പോലും 8 മുതൽ 10 വർഷം വരെ വേണ്ടിവരും. പദ്ധതി പ്രഖ്യാപിച്ചിട്ട് 5 വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാനായിട്ടില്ല.

കേരളത്തിൽ വികസനപദ്ധതികളെ എതിർക്കുന്നത് യുഡിഎഫും ബിജെപിയുമാണെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നത്. ജനങ്ങളെ വ്യാജവാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നത് ബിജെപി അംഗീകരിക്കില്ല – ശ്രീധരൻ പറഞ്ഞു.