ദത്ത് കേസ്; വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി: ഗുരുതര പിഴവുകൾ

പെറ്റമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസിൽ ഗുരുതര പിഴവുകൾ ഉൾക്കൊള്ളുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി.   

ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സിക്കും പിഴവുകൾ സംഭവിച്ചതായി കണ്ടെത്തി. പെറ്റമ്മ അവകാശവാദം ഉന്നയിച്ചശേഷവും ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്ന് വ്യക്തമാക്കുന്ന രേഖകൾ മനോരമ ന്യൂസിന് ലഭിച്ചു. ക്രിമിനൽ ഗൂഢാലോചന നടത്തിയവർക്കെതിരെ പോരാട്ടം തുടരുമെന്ന് അനുപമയും അജിത്തും വ്യക്തമാക്കി. 

കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി 2021 ഏപ്രിൽ മാസത്തിൽ അനുപമ സി ഡബ്ളു സിയെ സമീപിച്ചു. ദത്ത് നടപടികൾ തുടങ്ങുന്നത് ജൂലൈയിൽ. അമ്മ 

അവകാശമുന്നയിച്ച ശേഷവും ദത്ത് നടപടികൾ തുടർന്നെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. 

സി ഡബ്ളു സി യിൽ നിന്നുള്ള കത്തുമായി അനുപമയും അജിത്തും ഓഗസ്റ്റ് 11 നാണ് ഔദ്യോഗികമായി  ശിശുക്ഷേമ സമിയിലെത്തുന്നത്. സി ഡബ്ളു സിക്ക് പരാതി കിട്ടി നാലു മാസത്തിനു ശേഷം .അനുപമ പരാതിയിൽ പറയുന്ന ദിവസമെത്തിയ രണ്ടു കുട്ടികളിൽ ഒരാളെ ഓഗസ്റ്റ് 7ന് ആന്ധാദമ്പതികൾക്ക് കൈമാറിയിരുന്നു. 

എന്നാൽ അനുപമ ശിശുക്ഷേമ സമിതിയിലെത്തി നാലു ദിവസങ്ങൾ കൂടി കഴിഞ്ഞ് ഓഗസ്റ്റ് 16നാണ് ദത്ത് സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുന്നത്. 

അവകാശമുന്നയിച്ച് അമ്മയെത്തിയ ശേഷവും ദത്ത് നടപടികൾ സി ഡബ്ളു സിയോ ശിശുക്ഷേമ സമിതി യോ തടഞ്ഞില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 11 ന് ശിശുക്ഷേമ സമിതിയിൽ ഹാജരാകാൻ നല്കിയ രേഖയുടെ പകർപ്പും പുറത്തുവന്നു.  ശിശുക്ഷേമ സമിതി രേഖകളിലെ ഒരു ഭാഗം മായ്ച്ചു കളഞ്ഞതായി സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. 

ദത്ത് നടപടികളിൽ ആരോപണ വിധേയരായ സി ഡബ്ളു സിയേയും ശിശുക്ഷേമ സമിതിയേയും തലപ്പത്തിരിക്കുന്ന ഷിജുഖാനേയും അസ്വ സുനന്ദയേയും  കൂടുതൽ പ്രതിക്കൂട്ടിലാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. എല്ലാം നിയമപരമെന്ന സർക്കാർ വാദം കൂടിയാണ് പൊളിയുന്നത്.