‘നാണം കെട്ട ന്യായങ്ങൾ പറയാതെ രാജിവച്ച് ഇറങ്ങി പോകണം മിസ്ടർ’; ഷിജുവിനോട് ബെന്യാമിൻ

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ ഗുരുതര പിഴവ് സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ഷിജു ഖാൻ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ‘ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ’ എന്നാണ് എഴുത്തുകാരൻ ബെന്യാമിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടേതാണ് റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്.

ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയും (സിഡബ്ല്യുസി) ഗുരുതര പിഴവുകൾ വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ദത്തുമായി ബന്ധപ്പെട്ട കാര്യം സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല. അനുപമ എസ്.ചന്ദ്രന്റെ പരാതി ലഭിച്ചിട്ടും സിഡബ്ല്യുസി ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്ന് മന്ത്രി വീണാ ജോർജിന് കൈമാറും.