ആരാധകനെ തേടി ടോം ജോസഫെത്തി; നിറഞ്ഞ സ്നേഹത്തോടെ നൽകി സമ്മാനങ്ങൾ

ഭിന്നശേഷിക്കാരനായ ആരാധകനെ കാണാന്‍ മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ടോം ജോസഫെത്തി. ചക്രക്കസേരയില്‍ ജീവിതം തള്ളിനീക്കുന്ന പാലക്കാട് കിഴക്കഞ്ചേരി സ്വദേശി അബ്ദുള്ളയ്ക്കാണ് ഏറെ നാളത്തെ ആഗ്രഹം സഫലമായത്. വോളിബോളും ജഴ്സിയും സമ്മാനമായി കിട്ടിയതോടെ ചിരിയുടെ സ്മാഷ് ഇരട്ടിയായി. 

പരിമിതിയെ ചിരിയെന്ന സ്മാഷുതിര്‍ത്ത് ദൂരേക്ക് നിര്‍ത്താന്‍ അബ്ദുള്ള ഏറെ മുന്നേ പഠിച്ചതാണ്. നിരന്തര ശ്രമത്തിലൂെട ആഗ്രഹങ്ങളെ വലയിലെത്തിക്കാനും. ഇതിനിടയിലാണ് വോളിബോളിലെ രാജ്യത്തിന്റെ അഭിമാനമായ ടോം ജോസഫിനോട് കടുത്ത ആരാധന തോന്നിയത്. വീൽചെയറിൽ ഇരുന്ന് വീടിന് മുന്നില്‍ കുട്ടികള്‍ കളിക്കുന്നത് കണ്ടപ്പോള്‍ ആഗ്രഹം ഇരട്ടിയായി. കേവലം വോളിബോൾ കളിയുടെ ആസ്വാദനം മാത്രമല്ല വോളിബോളിന്റെ ഉല്‍ഭവത്തെക്കുറിച്ചും ചരിത്രവും അബ്ദുളള മനസ്സിലാക്കി. പ്രാദേശിക വോളി താരങ്ങളുടെ സഹായത്തോടെ ടോം ജോസഫിന്റെ നമ്പര്‍ വാങ്ങി ആദ്യം വിളിച്ചു. പിന്നീട് ഇരുവരും നല്ല ചങ്ങാതിമാരായി. അബ്ദുള്ളയുടെ ആഗ്രഹപ്രകാരമാണ് ടോം ജോസഫ് നേരിട്ടെത്തിയത്.

ടോം ജോസഫ് വോളിബോളും, ജഴ്സിയും അബ്ദുള്ളക്ക് സമ്മാനിച്ചു. വോളിബോൾ കളിക്കണമെന്ന അബ്ദുള്ളയുടെ ആഗ്രഹം സാധ്യമായില്ലെങ്കിലും വോളിബോളിനെ ജനകീയമാക്കാൻ വേണ്ട നിർദേശങ്ങൾ ടോം ജോസഫുമായി പങ്ക് വച്ചു. നേരില്‍ കാണണമെന്ന ആഗ്രഹം യാഥാര്‍ഥ്യമായതിന്റെ സന്തോഷവും.