കിലോമീറ്റർ അകലെ പരീക്ഷാ കേന്ദ്രം; ഭിന്നശേഷി സൗഹൃദമല്ലാതെ പി.എസ്.സി; പരാതി

ഭിന്നശേഷി സൗഹൃദമല്ലാത്ത പരീക്ഷാ നടപടികളുമായി പി.എസ്.സി. ഇടുക്കി സ്വദേശിയായ ഉദ്യോഗാർഥിക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചത് 124 കിലോമീറ്റർ അകലെ. പരീക്ഷാ കേന്ദ്രം മാറ്റി നൽകണമെന്ന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് യുവതി.

ഷംസിയ മൊയ്തീൻ, ഇടുക്കി കരിമണ്ണൂർ സ്വദേശിനി . ഈ ഉദ്യോഗാർഥിയുടെ ഭിന്നശേഷിയെത്രയെന്ന് മനസിലാക്കാൻ ഒരു സർട്ടിഫിക്കറ്റും വേണ്ട. പക്ഷേ പരീക്ഷാ നടത്തിപ്പിലടക്കം പി എസ്.സി നടപടികൾ യാന്ത്രികമായി പോകുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഷംസിയ. അടുത്ത ശനിയാഴ്ച നടക്കുന്ന എൽ.ഡി.സി മെയിൻ പരീക്ഷയ്ക്ക് കേന്ദ്രം അനുവദിച്ചത് വീട്ടിൽ നിന്ന് 124 കിലോമീറ്ററകലെ .

ഭിന്നശേഷിക്കാർക്ക് പരീക്ഷാ ഹാളിൽ കയറാനുള്ള സൗകര്യംപോലും പലപ്പോഴും പരിഗണിക്കില്ല.

സമാനമായ അവസ്ഥ നേരിടുന്നവർക്കെല്ലാം സഹായകരമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഭിന്ന ശേഷിക്കാർ .