90-ാം വാർഷികാഘോഷം; തുള്ളലും മേളവും കൂടിയാട്ടവും; കലാമണ്ഡലം കലാമുഖരിതമായി

കേരള കലാമണ്ഡലത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷ പരിപാടികൾക്ക് ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽ തുടക്കമായി. ഒരു വർഷക്കാലം നീണ്ടുനിന്ന വാർഷികാഘോഷ ചടങ്ങുകളുടെ പരിസമാപ്തി ദിനത്തിൽ കൂത്തമ്പലം തുള്ളൽ നവകത്തിന് സാക്ഷിയായി. അന്തരീക്ഷത്തെ കലാമുഖരിതമാക്കിക്കൊണ്ട് മിഴാവിൽ മേളവും കൂടിയാട്ടവും അരങ്ങേറി.

കോവിഡിൽ അടഞ്ഞുകിടന്ന കലയുടെ കൂത്തമ്പലത്തിൽ ആട്ടവിളക്ക് തെളിയുകയാണ്. അണിയറയും കോപ്പുകളും ഒരുങ്ങുകയാണ്. 90വർഷങ്ങൾക്ക് മുൻപ് മഹാകവി വള്ളത്തോൾ കണ്ട സ്വപ്നം ഇന്നൊരു കൽപിത സർവകലാശാലയായി വളർന്നു കഴിഞ്ഞു. 90ാം വാർഷികാഷോഷങ്ങളുടെ പൊലിമയൊട്ടും ചോരാതെ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായാണ് കലയുടെ പകലിരവുകൾക്ക് തുടക്കമായത്. രാവിലെ 9.30ന് പതാകയുയർത്തലിന് ശേഷമാണ് കലാപരിപാടികൾ തുടങ്ങിയത്. മിഴാവിൽ പഞാരിമേളവും ശീതങ്കൻ തുള്ളലും, തായമ്പകയും അരങ്ങുണർത്തിയ ശേഷമാണ് തുള്ളൽ നവകം അരങ്ങേറിയത്. 

കലാമണ്ഡലത്തിലെ തുള്ളൽ വിഭാഗം ആശാൻമാരും വിദ്യാർത്ഥികളും ചേർന്നാണ് ഈ പുതുകലാരൂപം അവതരിപ്പിച്ചത്. 90 എന്നാൽ നവതി എന്നാണല്ലോ. അതിനോട് സാമ്യപ്പെടുത്തി 9 കലാകാരൻമാർ ഒരേ സമയം വേദിയിലെത്തി പിന്നീട് ഒറ്റയ്ക്കൊറ്റക്കായും കൂട്ടമായും തുള്ളൽ അവതരിപ്പിച്ചു. തുടക്കത്തിലെ അരങ്ങ്താളവും ശ്ലോകവും 9പേർ ചേർന്ന്. കിരാതമായിരുന്നു കഥ. കഥാവതരണം തൊട്ട് ഒരു വേഷക്കാരൻ അവതരിപ്പിക്കുകയും പക്കമേളത്തിന്റെ പിൻപാട്ടുമെന്ന പതിവ്  തുള്ളൽ രീതി തന്നെ. കിരാതത്തിലെ ഏറ്റവും ആകർഷണീയമായ കുമ്മിയെത്തിയപ്പോൾ വീണ്ടു സംഘം ചേർന്നു. കലാമണ്ഡലത്തിലെ തുള്ളൽ വിഭാഗം മേധാവി കലാ. മോഹനകൃഷ്ണനാണ് തുള്ളൽ നവകമെന്ന ആശയത്തിന്  പിന്നിൽ.

തുള്ളൽക്കളരിക്ക് ഇന്നുകാണുന്ന മിഴിവും തിളക്കവും ചാർത്തിക്കിട്ടാൻ യത്നിച്ച കളരിയാശാൻമാർ നിരവധിയാണ്. കലാമണ്ഡലം തുടങ്ങുമ്പോൾ വള്ളത്തോളിന്റെ മനസിൽ തുള്ളൽക്കളരി നയിക്കാൻ അന്നത്തെ പ്രഗൽഭനായ മലബാർ രാമൻ നായർ തന്നെ വേണമെന്നായിരുന്നു. ആ ക്ഷണം സ്നേഹപൂർവം നിരസിച്ച രാമൻ നായരാശാൻ തന്റെ അരുമശിഷ്യൻ ആയാംകുടി ദിവാകരനാശാനെ അയക്കുകയായിരുന്നു. തുള്ളൽ കലയുടെ സൃഷ്ടാവായ കുഞ്ചൻ നമ്പ്യാർക്കും, വള്ളത്തോളിനും, മുകുന്ദരാജയ്ക്കും ഒപ്പം തുള്ളൽക്കളരിയുടെ ആദ്യകാല ആശാൻമാർക്കും, തുള്ളലിനെ കടലും കടത്തി പ്രശസ്തമാക്കിയ മൺമറഞ്ഞ കലാമണ്ഡലം ഗീതാന്ദനുമുള്ള സപര്യാസമർപ്പണമായിരുന്നു തുള്ളൽ നവകം. കുഞ്ചന്റെ കലയ്ക്ക് മരണമില്ല എന്ന് ചൊല്ലിയാടി ഉറപ്പിക്കുകയാണ് പുതുതലമുറയിലെ കലാവിദ്യാർത്ഥികൾ.  കോവിഡിൽ ചരിത്രത്തിലില്ലാത്തവിധം അടഞ്ഞുകിടന്ന കൂത്തമ്പലത്തിന്റെ വേദിയിൽ ഇനി ഇടതടവില്ലാതെ കലയുടെ കേളീവിലാസമാവട്ടെ.