'പറ്റിപ്പോയി'; മോഷണമുതലിനൊപ്പം ഉടമകളുടെ ലിസ്റ്റും; മാപ്പപേക്ഷിച്ച് കള്ളൻ

പലതരം മോഷണങ്ങവും കള്ളന്മാരുമൊക്കെ വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ കണ്ണൂരിൽ നിന്നുള്ള ഒരു കള്ളനും മോഷണവും തികച്ചും വേറിട്ടതാണ്. മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും തിരികെ നൽകിയാണ് ഈ കള്ളൻ മാതൃതയായിരിക്കുന്നത്! പരിയാരം പഞ്ചായത്ത് വായാട് തിരുവട്ടൂർ അഷ്റഫ് കൊട്ടോലയുടെ തറവാടു വീട്ടിലാണ് കൗതുക കരമായ സംഭവം ഉണ്ടായത്. രാവിലെ 3 കവറുകൾ വീടിനുമുന്നിൽ കണ്ടു. തുറന്നുനോക്കിയപ്പോൾ പണവും ആഭരണവും അതിനൊപ്പം ഒരു കത്തും.

1,91,500 രൂപയും നാലര പവന്റെ സ്വർണമാലയും 630 മില്ലിഗ്രാം സ്വർണത്തരികളുമാണ് കവറുകളിൽ ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണെന്നും പറ്റിയ തെറ്റിനു മാപ്പുചോദിക്കുന്നുവെന്നുമാണ് കത്തിൽ എഴുതിയിരിക്കുന്നത്.

മോഷണം നടത്തിയ വീടുകളുടെ ഉടമകളുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം തിരികെ നൽകാനുണ്ടെന്നുള്ള വിവരവും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാർ ഇവ പരിയാരം പൊലീസിൽ ഏൽപിച്ചു. പൊലീസ് അതു കോടതിയിൽ ഹാജരാക്കി.

ലോക്ഡൗൺ നാളുകളിൽ പ്രദേശത്ത് അടയ്ക്ക, റബർ തുടങ്ങിയവയും സ്വർണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. അന്വേഷണം ഊർജിതമായതോടെയാണു പ്രതി മോഷണ മുതൽ ഉപേക്ഷിച്ചതെന്നാണു പൊലീസിന്റെ നിഗമനം.