മണ്ണാര്‍ക്കാട് മേഖലയില്‍ കനത്തമഴ; നിരവധി വീടുകളില്‍ വെള്ളം കയറി

പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ കനത്ത മഴ തുടരുന്നു. തെങ്കര പ‍ഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ ഇരുന്നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. തത്തേങ്ങലം പാലം മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കാല്‍നടയുള്‍പ്പെടെ തടസപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

മൂന്ന് മണിയോടെയാണ് കുന്തിപ്പുഴയുടെ കൈവഴിയായ കല്ലംപൊട്ടിയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. പ്രളയകാലത്തുണ്ടായതിനെക്കാള്‍ ഉയർന്ന തോതിലാണ് മലവെള്ളം ഒഴുകിയെത്തിയത്. ചേറുകുളം ഭാഗത്തു നിന്ന് തത്തേങ്ങലത്തേക്കു കടക്കുന്നതിന് സ്ഥാപിച്ചിരുന്ന ഇരുമ്പു പാലം മലവെള്ളത്തിന്റെ ഒഴുക്കിൽ തകർന്നു. ഇതോടെ ഈ വഴിക്കുള്ള യാത്ര മുടങ്ങി. കൈതച്ചിറയിൽ നിന്ന് തത്തേങ്ങലത്തേക്കുള്ള പാലവും വെള്ളത്തിനടിയിലായി. രണ്ടിടത്തെയും ഗതാഗതം തടസ്സപ്പട്ടു. ഇരുന്നൂറിലധികം കുടുംബങ്ങളുള്ള തത്തേങ്ങലം പ്രദേശം ഒരു മണിക്കൂറോളം ഒറ്റപ്പെട്ടു. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. കൃഷിയിടങ്ങളും വളർത്തുമ‍ൃഗങ്ങളും വെള്ളത്തിലായി.

നാട്ടുകാരുടെ നേതൃത്വത്തില്‍ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി റവന്യൂ വകുപ്പ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിലില്‍ ഗതാഗത തടസമുണ്ടായതിനാല്‍ വനംവകുപ്പും പൊലീസും പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.