ആല്‍ബിന്‍ ഇനിയും ജീവിക്കും ആറുപേരിലൂടെ; അവയവങ്ങൾ എത്തിച്ചു

ബൈക്ക് അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശി ആല്‍ബിന്‍ പോള്‍ ആറുപേരിലൂടെ ഇനിയും ജീവിക്കും. മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തയാറാവുകയായിരുന്നു.

കഴിഞ്ഞ പതിനെട്ടിന് തൃശൂര്‍ കൊരട്ടിയിലുണ്ടായ വാഹനാപകടത്തിലാണ് ആല്‍ബിന് ഗുരുതരമായി പരുക്കേറ്റത്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന് കുടുംബം തയാറായതോടെ അപ്പോളോ ആശുപത്രിയില്‍ ആദ്യ അവയവദാന ശസ്ത്രക്രിയ നടത്തി. ഹൃദയം, കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.

ഹൃദയം ചെന്നൈയിലെ ഡോ.റില ആശുപത്രിയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയി. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മിംസ് ആശുപത്രികളിലേക്കും, കരള്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലേക്കും, കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലും എത്തിച്ചു.സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനി പദ്ധതിവഴിയാണ് അവയവദാനം നടന്നത്. വിവാഹിതനായ ആല്‍ബിന് നാലുമാസം പ്രായമായ കുഞ്ഞുമുണ്ട്.