മുറിയിൽ പത്തി വിടർത്തി കരിമൂർഖൻ; ഒഴുകിയെത്തി നക്ഷത്ര ആമ; വനം വകുപ്പിന് കൈമാറി

ചെങ്ങന്നൂരിൽ വെളളം കയറിയ രണ്ടു വീടുകളിൽ നിന്നായി മൂർഖനേയും നക്ഷത്ര ആമയേയും കണ്ടെത്തി. രണ്ടു ജീവികളേയും പിടികൂടി വനം വകുപ്പിന് കൈമാറി. പുലിയൂർ കുറ്റിയിൽ ഗോപിയുടെ  വെള്ളം കയറിയ  വീട് വൃത്തിയാക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ  പത്തിവിടർത്തി നിന്ന കരിമൂർഖനെ കണ്ടത്.  വെള്ളം ഇറങ്ങിത്തുടങ്ങിയതിനെത്തുടർന്ന് വീട് ശുചീകരിക്കാന്‍ ഗോപിയും മകനും കൂടി സമീപത്തെ ക്യാംപിൽ നിന്നും രാവിലെ എത്തിയതായിരുന്നു.

കിടപ്പുമുറി വൃത്തിയാക്കുന്നതിനിടെ മെത്തയുടെ അടിയിൽ നിന്നും മൂർഖൻ പത്തിവിടർത്തി ചാടുകയായിരുന്നു.    പരിഭ്രാന്തരായ ഇരുവരും ഉടൻ തന്നെ വാതില്‍ അടച്ച് പുറത്തേക്ക് ഓടിയിറങ്ങി. വിവരം അറിഞ്ഞ്  പൊലിസ് വിളിച്ചു വരുത്തിയ പാമ്പുപിടുത്തക്കാരൻ മൂർഖനെ പിടികൂടി. വൃത്തിയാക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങൾ പാമ്പുപിടിത്തക്കാരൻ വിശദീകരിച്ചു.

പാണ്ടനാട്  മുള്ളേലിൽ എം.സി. അജയകുമാറിന്റെ വീട്ടുവളപ്പിലാണ് നക്ഷത്ര ആമയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ കിഴക്കൻ മലവെള്ളപ്പാച്ചലിൽ പമ്പയാറിന്റെ തീരത്തെ  വീട്ടുവളപ്പിൽ ഒഴുകി എത്തിയതാവാം എന്നാണു  നിഗമനം.  സംരക്ഷിത ജീവിവർഗത്തിൽപ്പെട്ടതാണ് നക്ഷത്ര ആമ .