ഒടുവിൽ പടക്കപ്പല്‍ ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തില്‍; തടസങ്ങളെല്ലാം മറികടന്നു

തടസങ്ങളെല്ലാം മറികടന്ന്  പടക്കപ്പല്‍  ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തില്‍ സ്ഥാപിച്ചു.  ബൈപാസിലൂടെയുള്ള യാത്രയ്ക്ക്   അനുമതി നിഷേധിക്കപ്പെട്ട്  മൂന്നാഴ്ചയോളം വഴിയോരത്ത് കിടന്ന കപ്പല്‍ ഇന്നാണ് ആലപ്പുഴ ബീച്ചിലെത്തിച്ചത്. നിരവധിപേരാണ് കപ്പല്‍ കാണാന്‍ ആലപ്പുഴ ബീച്ചിലെത്തിയത്.

നാവികസേനയുടെ പടക്കപ്പല്‍  ഇനി ആലപ്പുഴയ്ക്ക്  സ്വന്തം.ഈ വര്‍ഷം. ഡീമകമ്മീഷന്‍ ചെയത ഇന്‍ഫാക് ടി 81 എന്ന പേരിലുള്ള പടക്കപ്പലാണ്  ബീച്ചിലെ പോര്‍ട്ട് മ്യൂസിയത്തില്‍ സ്ഥാപിച്ചത്. കപ്പല്‍ റോഡ്മാര്‍ഗം എത്തിച്ച മള്‍ട്ടി ആക്സില്‍ വാഹനത്തില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ബീച്ചിലെ പ്ലാറ്റ്ഫോമിലേക്ക് കപ്പല്‍ ഇറക്കിയത്. കരയിലൂടെയുള്ള നീണ്ടയാത്രയാണ് കപ്പലിനെ ശ്രദ്ധാകേന്ദ്രമാക്കിയത് . മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ച കപ്പല്‍ കോട്ടയത്തെത്തിച്ച അവിടെ നിന്ന് വേമ്പനാട്ട് കായലിലൂടെ തണ്ണീര്‍മുക്കത്ത് കൊണ്ടുവന്നു.അവിടുന്നായിരുന്നു ദേശീയപാതവഴി ആലപ്പുഴയ്ക്കുള്ള കരയാത്ര. കൊച്ചി–കോട്ടയം–ആലപ്പുഴ യാത്രയില്‍ 110 കിലോമീറ്ററാണ് കരയിലൂടെ പടക്കപ്പല്‍ സഞ്ചരിച്ചത്. ആലപ്പുഴ ബൈപാസിലൂടെയുള്ള കരയാത്രയ്ക്ക് അനുമതി ലഭിക്കാത്തിനാല്‍ മൂന്നാഴ്ചയോളം  കപ്പല്‍ കൊമ്മാടിയില്‍ റോഡരികില്‍ കിടന്നു.

ബൈപാസ് യാത്രയ്ക്ക് അനുമതികിട്ടതായതോടെ  ദേശീയപാതയിലൂടെ  ബീച്ചിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു .ലെവല്‍ക്രോസ് കടക്കാന്‍ റെയില്‍വേയും അനുമതി നല്‍കിയതോടെ  യാത്ര എളുപ്പത്തിലായി. എഎം ആരിഫ് എംപി,  എംഎല്‍എമാരായ പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം എന്നിവരും നിരവധി നാട്ടുകാരും ബീച്ചിലെത്തി.കപ്പല്‍ ബീച്ചില്‍ സ്ഥാപിച്ചതിന്‍റെ  ആഹ്ളാദം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും  നാട്ടുകാര്‍  പ്രകടിപ്പിച്ചു. മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായാണ് പോര്‍ട്ട് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.