സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്: പുറത്താക്കപ്പെട്ട സെക്രട്ടറിയെ തള്ളി സിപിഎം

പത്തനംതിട്ട സീതത്തോട് സഹകരണബാങ്ക് ക്രമക്കേടില്‍ ഭരണസമിതിയുടെ നടപടികളെ പിന്തുണച്ചും പുറത്താക്കപ്പെട്ട സെക്രട്ടറിയെ തള്ളിയും സിപിഎം ജില്ലാ നേതൃത്വം. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുന്‍സെക്രട്ടറി കെ.യു.ജോസ് പ്രതിപക്ഷപാര്‍ട്ടികളുടെ ചട്ടുകമായിരിക്കുകയാണെന്ന് ജില്ലാസെക്രട്ടറി ആരോപിച്ചു. അതേ സമയം ബാങ്കിലെ മുന്‍ജീവനക്കാരന്‍ കൂടിയായ കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാര്‍ രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കില്‍ ഒരു കോടി അറുപത്തിരണ്ടുലക്ഷത്തില്‍പ്പരം രൂപയുടെ ക്രമക്കേട് പരിശോധയില്‍ കണ്ടെത്തിയിരുന്നു.  വിവാദമായപ്പോള്‍ സെക്രട്ടറി കെ.യു.ജോസിനെ മാത്രം ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. എംഎല്‍എ ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കളെ രക്ഷിക്കാന്‍ തന്നെ ബലിയാടാക്കുന്നുവെന്നായിരുന്നു ഇതിനോട് ജോസിന്റെ പ്രതികരണം. ആരോപണം ബാങ്ക് ഭരണസമിതി തള്ളിയതിന് പിന്നാലെയാണ് സിപിഎം ജില്ലാ നേതൃത്വം രംഗത്ത് എത്തിയത്. കെ.യു.ജോസ് ക്രമക്കേട് കാട്ടിയെന്ന് തെളിഞ്ഞതുകൊണ്ടാണ് നടപടി എടുത്തത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

സിപിഎം ഭരിക്കുന്ന മുഴുവന്‍ സഹകരണബാങ്കുകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി പരിശോധിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ബാങ്കിലെ ഇടപാടുകളെപ്പറ്റി കൃത്യമായ അന്വേഷണം നടന്നാല്‍ കൂടുതല്‍ അഴിമതി പുറത്തുവരുമെന്ന് ബിജെപി.നിക്ഷേപത്തുക തിരികെ ചോദിക്കുന്നവരെ സിപിഎം പ്രദേശിക നേതൃത്വം ഭീഷണിപ്പെടുത്തുതയാണെന്നും അഴിമതിക്കെതിരെ സമരം ചെയ്യുന്നവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.