സി.എന്‍.ജി സ്റ്റേഷനുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ലക്ഷ്യം; ഓണ്‍ലൈനായി പ്രകൃതി വാതകമെത്തിക്കും

സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ സി.എന്‍.ജി വിതരണവും ക്രമീകരിച്ചിരിക്കുന്നത്. സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഓണ്‍ലൈനായി പ്രകൃതി വാതകമെത്തിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സി.എന്‍.ജി സ്റ്റേഷനുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

കൊച്ചി നഗരത്തില്‍ ബസുകളില്‍ സി.എന്‍.ജി നിറയ്ക്കുന്നതിന് സൗകര്യമുള്ളത് പേട്ടയിലാണ്. വലിയ നോസിലുള്ള സംവിധാനത്തിലൂടെ മിനിറ്റുകള്‍ക്കൊണ്ട് ഇന്ധനം നിറയ്ക്കാം. സിറ്റി സര്‍വീസുകള്‍ക്ക് പ്രതിദിനം ആയിരത്തിയഞ്ഞൂറ് മുതല്‍ രണ്ടായിരത്തിയഞ്ഞൂറ് രൂപവരെ ഇന്ധനച്ചെലവില്‍ ലാഭമുണ്ടെന്ന് അനുഭവസ്ഥര്‍.

ഓട്ടോക്കാരുടെ അനുഭവവും വ്യത്യസ്ഥമല്ല.പൈപ്പ് ലൈനുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേക്കെല്ലാം കളമശേരിയിലെ കേന്ദ്രത്തില്‍നിന്ന് ലോറിയില്‍ സി.എന്‍.ജി എത്തിക്കും. ഒരു കിലോ സി.എന്‍.ജിക്ക് 58 രൂപയാണ് നിലവിലെ വില.  അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നൂറും, രണ്ട് വര്‍ഷത്തിനുള്ളില്‍ 250 ഉം സി.എന്‍.ജി സ്റ്റേഷനുകള്‍കൂടി പ്രവര്‍ത്തന സജ്ജമാക്കാനാണ് ഐഒഎജിഎല്ലിന്റെ ശ്രമം. എട്ട് വര്‍ഷത്തിനുള്ളില്‍ അറുന്നൂറോളം സ്റ്റേഷനുകള്‍ സജ്ജമാക്കമെന്നാണ് സര്‍ക്കാരുമായുള്ള കരാര്‍.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഐഒഎജിഎല്ലിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അറ്റ്ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് കമ്പനിക്കുമാണ് സി.എന്‍.ജി വിതരണത്തിന് അംഗീകാരമുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.