ഉദ്ഘാടനം കഴിഞ്ഞയുടൻ ‘ടേക് എ ബ്രേക്ക്’ പറഞ്ഞ് ശുചിമുറി പദ്ധതി; അടച്ചത് നവീകരണത്തിന്!

ടേക് എ ബ്രേക്ക് പദ്ധതി വഴി ഒരാഴ്ച മുന്‍പ് മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത  ശുചിമുറികള്‍ നവീകരണത്തിനായി അടച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ശുചിമുറികളാണ് നവീകരണത്തിനായി അടച്ചത്. നവീകരണം നടത്താതെയാണ് ഉദ്ഘാടനം നടത്തിയതെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്കെതിരെ വ്യാജവാര്‍ത്തയെന്നാരോപിച്ച് മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികളും കോഫി ഷോപ്പുകളും എന്ന ടാഗ് ലൈനോടെയായിരുന്നു ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം. അതിലുള്‍പ്പെട്ടതായിരുന്നു നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍റിനകത്തുള്ള ശുചിമുറികളും. എന്നാല്‍ യാതൊരു നവീകരണവും നടത്താതെയാണ് ഉദ്ഘാടനമെന്നാരോപിച്ച് നാട്ടുകാരും രംഗത്തെത്തി.

മനോരമ ന്യൂസ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തെങ്കിലും വാര്‍ത്തതെറ്റാണെന്നു മന്ത്രി തന്നെ ഫെയ്സ്ബുക്കില്‍ കുറിച്ചു. നവീകരണം നടത്താതെയാണ് ഉദ്ഘാടനമെന്നു കാട്ടി രാഷ്ട്രീയ പാര്‍ടികളും രംഗത്തെത്തി.അതേസമയം യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യം നിര്‍വഹിക്കാനുള്ള ഏക ആശ്രയമായ ശുചിമുറികള്‍ അടഞ്ഞതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്.